Kanak Mani Dixit is arrested by anti-graft body

കാഠ്മണ്ഡു: പ്രശസ്ത നേപ്പാളി മാദ്ധ്യമപ്രവര്‍ത്തകന്‍ കനക മണി ദീക്ഷിത്തിനെ അഴിമതി കേസില്‍ അഴിമതി വിരുദ്ധ സംഘം അറസ്റ്റ് ചെയ്തു. തന്റെ സ്ഥാനം ഉപയോഗിച്ച് പണം ദുരുപയോഗപ്പെടുത്തിയതിനാണ് ദീക്ഷിതിനെ അറസ്റ്റ് ചെയ്തത്. മനുഷ്യാവകാശ പ്രവര്‍ത്തകനും നേപ്പാളിലെ പൊതു ഗതാഗത ബസ് സിസ്റ്റം, സജ്ഹാ യതായത്തിന്റെ ചെയര്‍മാനും കൂടിയായ ദീക്ഷിതിനെ പത്താനിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ നിന്നാണ് കമ്മിഷന്‍ ഫോര്‍ ദ ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് അബ്യൂസ് അതോറിറ്റി (സിഐഎഎ) അയച്ച ഇരുപതു പൊലീസുകാര്‍ അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ദീക്ഷിത്തിന്റെ ആസ്ഥിയെ കുറിച്ച് സംശയം തോന്നിയതിനാല്‍ സിഐഎഎ അത് അന്വേഷിച്ചു വരികയായിരുന്നു. അഴിമതി വിരുദ്ധ സംഘത്തിന്റെ സമന്‍സുകള്‍ അവഗണിച്ച് പിടികൊടുക്കാതെ നടക്കുകയായിരുന്നു അറുപതുകാരനായ ദീക്ഷിത്ത്.

അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി, പൊതു സ്ഥാനം ദീക്ഷിത്ത് ദുരുപയോഗം ചെയ്‌തെന്ന് കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റുചെയ്തതെന്നും. തങ്ങള്‍ അറസ്റ്റു ചെയ്തത് സജ്ഹാ യതായത്തിന്റെ ചെയര്‍മാനെയാണെന്നും അല്ലാതെ മാദ്ധ്യമപ്രവര്‍ത്തകനെ അല്ലെന്നും സിഐഎഎ വക്താവ് കൃഷ്ണാ ഹരി പുഷ്‌കര്‍ പറഞ്ഞു. സിഐഎഎയ്ക്ക് സമര്‍പ്പിച്ച വിവരങ്ങള്‍ ദീക്ഷിത് തന്റെ കുടുംബാംഗങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന യഥാര്‍ത്ഥ സ്വത്ത് വിവരങ്ങളുമായി തുല്യമാകുന്നില്ലയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അന്വേഷണത്തിനിടയില്‍ ഇയാള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സജ്ഹാ യതായതിന്റെ സമ്പാദ്യം ഉപയോഗിച്ച് നാട്ടിലും വിദേശത്തുമുള്ള ബാങ്കുകളില്‍ ഇയാള്‍ കുടുംബാംഗങ്ങളുടെ പേരില്‍ പണം നിക്ഷേപിച്ചതിനെതിരെയും സിഐഎഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ സംഘടനയുടെ സമ്പാദ്യം പൂര്‍വിക സ്വത്താണെന്ന് കാണിച്ച് വില്‍ക്കുകയും അതില്‍ നിന്നുള്ള വരുമാനം മറ്റു കോര്‍പ്പറേഷനുകളില്‍ നിക്ഷേപിച്ചതിലും ഇയാള്‍ പ്രതിയാണ്. ഹിമാല്‍, നേപ്പാള്‍ ടൈംസ് മാഗസിന്‍ എന്നിവയുടെ പ്രസാധകനായ ദീക്ഷിത്ത് ഇന്ത്യയോട് ആഭിമുഖ്യമുള്ള വ്യക്തിയായാണ് കരുതപ്പെടുന്നത്.

Top