റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം; പ്രൗഢ ഗംഭീരമായ ചടങ്ങുകള്‍ രാജ്പഥില്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: രാജ്യം 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു. ഇതോടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പ്രൗഢ ഗംഭീരമായ ചടങ്ങുകള്‍ക്ക് രാജ്പഥില്‍ തുടക്കമായി.
ഇതാദ്യമായാണ്, റിപ്പബ്ലിക് ദിനത്തില്‍ അമര്‍ ജവാന്‍ ജ്യോതിക്ക് പകരം ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി വീരചരമം പ്രാപിച്ച സൈനികര്‍ക്ക് ആദരം അര്‍പ്പിക്കുന്നത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാവലയത്തിലാണ്
രാജ്യതലസ്ഥാനം.

പരേഡ് കമ്മാന്റര്‍ ലെഫ് ജനറല്‍ അസിത് മിസ്ത്രിയില്‍ നിന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു. ഇത്തവണ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥി ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോ ആണ്. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീലിയന്‍ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി എത്തുന്നത്.

90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരേഡ് ഇത്തവണ ലെഫ്. ജനറല്‍ അസിത് മിസ്ത്രി നയിക്കും. രാജ്യത്തിന്റെ സൈനിക ശേഷിയും സാംസ്‌കാരിക വൈവിധ്യവും വ്യക്തമാക്കുന്ന രീതിയിലാണ് പരേഡ്. വിവിധ സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍, സൈനിക ടാങ്കുകള്‍, ആധുനിക ആയുധങ്ങള്‍ തുടങ്ങിയവ പരേഡില്‍ പ്രദര്‍ശിപ്പിക്കും.

വായുസേനയുടെ പുതിയ ചിന്നുക്ക് , അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഒരുക്കുന്ന ആകാശ കാഴ്ചകളും മുഖ്യ ആകര്‍ഷണമാണ്. പോര്‍വിമാനങ്ങളും ഹെലികോപ്ടറുകളും അണിനിരക്കുന്ന വ്യോമാഭ്യാസ പ്രകടനത്തോടെയാണ് പരേഡ് സമാപിക്കുക.

Top