kp anil kumar and his group resign congress

കോഴിക്കോട് : കെപി അനില്‍കുമാറിന് സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കൊയിലാണ്ടിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. മഹിളാ കോണ്‍ഗ്ര്‌സ് പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് രാജിവെച്ചത്. എന്‍. സുബ്രഹ്മണ്യനാണ് ഇപ്പോള്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

കെ.പി അനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാട് കെപിസിസി പരിഗണിക്കാത്തതാണ് പ്രവര്‍ത്തകരുടെ രാജിക്ക് കാരണം.മഹിളാ കോണ്‍ഗ്രസിന്റെ നിയോജക മണ്ഡലം പ്രസിഡന്റ്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി, കൊയിലാണ്ടിയിലെ വിവിധ മണ്ഡലം പ്രസിഡന്റുമാര്‍,യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരാണ് രാജിവെച്ചത്.

സീറ്റ് നല്‍കാത്തത് അബ്ക്കാരി മുതലാളിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കൊയിലാണ്ടി ഇക്കുറി കോണ്‍ഗ്രസിന്റെ പേയ്‌മെന്റ് സീറ്റാണെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. കഴിഞ്ഞ തവണ ഐ ഗ്രുപ്പിന്റെ ശക്തനായ വക്താവായിരുന്നു അനില്‍കുമാര്‍. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് സീറ്റ് ലഭിച്ചത്. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ അനില്‍കുമാര്‍ പരാജയപ്പെട്ടു. പക്ഷേ മണ്ഡലത്തില്‍ സജീവമാകാന്‍ ബന്ധപ്പെട്ടവര്‍ അന്നു തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നാണ് അനിലുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം മണ്ഡലത്തില്‍ സജീവവുമായിരുന്നു. ഇതിനിടയില്‍ മദ്യനയം സംബന്ധിച്ച വിവാദങ്ങള്‍ ശക്തമായപ്പോള്‍ സുധീരന് അനുകൂലമായി നിലപാട് സ്വീകരിച്ച് അനില്‍കുമാര്‍ ഐ ഗ്രൂപ്പില്‍ നിന്നും പുറത്തായി. എന്നാലും ഇക്കുറി സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം ആരംഭിച്ചപ്പോള്‍ അനില്‍കുമാറായിരിക്കും കൊയിലാണ്ടിയിലെ സ്ഥാനാര്‍ത്ഥിയെന്ന ഉറപ്പ് കെ.പി.സി.സി നേതൃത്വം കൊടുത്തിരുന്നുവെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഒടുവില്‍ അന്തിമതീരുമാനം വന്നപ്പോള്‍ അനില്‍ പുറത്താകുകയായിരുന്നു.

Top