Supreme Court grants bail to former Delhi University professor GN Saibaba

ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജി.എന്‍ സായിബാബക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലെ മാവോവാദി പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2014 മെയിലാണ് അദ്ദേഹത്തെ മഹാരാഷ്ട്രാ പോലീസ് അറസ്റ്റുചെയ്തത്. യു.എ.പി.എ അടക്കമുള്ള കുറ്റങ്ങള്‍ ഇദ്ദേഹത്തിനുമേല്‍ ചുമത്തിയിരുന്നു.

നിരോധിക്കപ്പെട്ട സി.പി.ഐ. മാവോയിസ്റ്റ് സംഘടനയുടെ തലവന്‍ ഗണപതിയടക്കമുള്ള അംഗങ്ങളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നും സംഘടനയുടെ മേല്‍ത്തട്ടിലുള്ള പ്രവര്‍ത്തകനാണെന്നും പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍, സായിബാബ ഇതെല്ലാം നിഷേധിച്ചിട്ടുണ്ട്.

അരക്കു താഴെ തളര്‍ന്ന് 90 ശതമാനം വൈകല്യബാധിതനായ പ്രൊഫസര്‍ വീല്‍ ചെയറില്‍ ആണ് കഴിയുന്നത്. 2015 ജൂലൈയില്‍ സായ്ബാബക്ക് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ബോംബെ ഹൈകോടതിയിലെ സിംഗിള്‍ ബെഞ്ച് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജാമ്യം റദ്ദാക്കിയിരുന്നു.
ഇതേതുടര്‍ന്ന് നാഗ്പൂരിലെ ജയിലില്‍ ആണ് അദ്ദേഹത്തെ അടച്ചത്. മഹാരാഷ്ട്ര പൊലീസ് ഡല്‍ഹിയില്‍ നിന്നും സായ്ബാബയെ നാഗ്പൂരിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇക്കാരണത്താല്‍ തന്റെ പേശികള്‍ക്ക് കൂടുതല്‍ ബലക്ഷയം സംഭവിച്ചതായി സായ്ബാബ പറയുന്നു. ജയിലില്‍ ആയിരിക്കുമ്പോള്‍ ടോയ്‌ലറ്റില്‍ പോകുന്നതിനും കിടന്നുറങ്ങുന്നതിനും മതിയായ സൗകര്യങ്ങള്‍ നല്‍കിയിരുന്നില്ല എന്നും ഇതുമൂലം ഇടത് കൈമുട്ടിനും ഞരമ്പുകള്‍ക്കും സ്‌പൈനല്‍ കോഡിനും പരിക്ക് സംഭവിച്ചതായും അദ്ദേഹം പറയുന്നു.

ജൂലൈയില്‍ ജാമ്യം ലഭിച്ച വേളയില്‍ എല്ലാ ആഴ്ചയും ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ സ്‌പൈനല്‍ ഇന്റജുറീസ് സെന്ററില്‍ ചികില്‍സ തേടിയിരുന്നു ഈ ഇംഗ്‌ളീഷ് പ്രൊഫസര്‍. കഴിഞ്ഞ ആഗസ്റ്റില്‍ ആന്‍ജിയോ പ്‌ളാസ്റ്റിക്ക് വിധേയനാവുകയും ചെയ്തു

Top