പ്രായം വെറും നമ്പര്‍ മാത്രം; 85-ാം വയസ്സില്‍ വിരമിക്കാനൊരുങ്ങി വിന്‍ഡീസ് ബൗളര്‍

ലണ്ടന്‍: പ്രായം വെറും തോന്നല്‍ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് വെസ്റ്റിന്‍ഡീസില്‍ നിന്നുള്ള സെസില്‍ റൈറ്റ് എന്ന ക്രിക്കറ്റ് താരം. കഴിഞ്ഞ ദിവസമാണ് സെസ് എന്ന പേരിലറിയപ്പെടുന്ന സെസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ ഏഴിനാണ് സെസിലിന്റെ വിരമിക്കല്‍ മത്സരം. ഈ അവസാന മത്സരം കളിക്കാനിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം എത്രയാണെന്ന് അറിയാമോ? 85 വയസ്സ്!. പേസ് ബൗളറായ സെസില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ജമൈക്കയ്ക്കായി അരങ്ങേറ്റം കുറിച്ചു. ബാര്‍ബഡോസിനെതിരെ ആയിരുന്നു മത്സരം.

പിന്നീട് 1959-ല്‍ സെസില്‍ ഇംഗ്ലണ്ടിലേക്ക് പോയി. അവിടെ സെന്‍ട്രല്‍ ലാന്‍സഷെയര്‍ ലീഗില്‍ ക്രോംപ്റ്റണ് വേണ്ടി കളിച്ചു. 1962-ല്‍ ഇംഗ്ലണ്ടില്‍ തന്നെ തുടരാന്‍ തീരുമാനിച്ച സെസില്‍ പിന്നീട് പ്രൊഫഷണല്‍ ക്രിക്കറ്റ് താരമായി വളരുകയായിരുന്നു. 60 വര്‍ഷം നീണ്ടുനിന്ന കരിയറില്‍ താരം 7000 വിക്കറ്റ് വീഴ്ത്തിയതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരിശീലനം മുടക്കാതിരിക്കുന്നതിനാല്‍ പ്രായക്കൂടുതല്‍ കൊണ്ടുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളൊന്നും സെസിലിന് ഇല്ല. എല്ലാ ഭക്ഷണവും കഴിക്കുന്ന കൂട്ടത്തിലാണെങ്കിലും ഫിറ്റ്നെസ് വിട്ടൊരു കളിയില്ലെന്നാണ് സെസില്‍ പറയുന്നത്.

Top