രണ്ട് പേര്‍ക്ക് കൊറോണയെന്ന് സംശയം; കപ്പലില്‍നിന്നും പുറത്തിറങ്ങാതെ 7000 പേര്‍!

കൊറോണാ വൈറസ് ഭീതി പരത്തുന്നതിനിടെ യാത്രാകപ്പലില്‍ രണ്ട് പേര്‍ക്ക് പനി ബാധിച്ചതോടെ 7000 പേരടങ്ങുന്ന കപ്പല്‍ യാത്ര മുടങ്ങി ഇറ്റാലിയന്‍ തീരത്ത് കുടുങ്ങി. അവധിക്കാലം ആഘോഷിക്കാന്‍ ഇറങ്ങിയ സഞ്ചാരികളില്‍ രണ്ട് പേര്‍ക്ക് അസുഖം ബാധിച്ചതോടെയാണ് കപ്പലിന്റെ യാത്ര മുടങ്ങിയത്. ഹോങ്കോംഗ് സ്വദേശികളായ ഭാര്യയെയും, ഭര്‍ത്താവിനെയുമാണ് ഏകാന്തവാസത്തിലേക്ക് നീക്കിയത്. കോസ്റ്റാ സ്‌മെറെള്‍ഡാ എന്ന കപ്പലിലാണ് നാടകീയ സംഭവങ്ങള്‍.

പനിയും, ശ്വാസതടസ്സവും ബാധിച്ചാണ് ഇരുവരും ബുദ്ധിമുട്ട് നേരിടുന്നതെന്നാണ് വിവരം. യാത്ര തുടരാന്‍ കഴിയാതെ കുടുങ്ങിയതിന് പുറമെ യാത്രക്കാരെ പുറത്തിറങ്ങാനും അനുവദിച്ചിട്ടില്ല. റോമില്‍ നിന്നും 35 മൈല്‍ അകലെയുള്ള സിവിറ്റാവെസിയ തുറമുഖത്താണ് കപ്പല്‍ നിലവില്‍ അടുപ്പിച്ചിരിക്കുന്നത്. 54കാരിയായ സ്ത്രീക്ക് പനി ബാധിച്ചതോടെയാണ് കപ്പലിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്.

ഇതിന് പിന്നാലെ ഭര്‍ത്താവിനും പനി ബാധിച്ചതോടെ ഇത് കൊറോണാ ബാധയാണെന്ന സംശയം ഉയര്‍ന്നു. ഇറ്റലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍ഫെക്ഷന്‍സ് ഡിസീസിലെ ഡോക്ടര്‍മാര്‍ മാറ്റിനിര്‍ത്തപ്പെട്ട ദമ്പതികളെ പരിശോധിച്ചു. ചൈനയില്‍ 170ഓളം പേരുടെ മരണത്തിന് ഇടയാക്കിയ വൈറസ് ബാധയാണോ ഇവരെ പിടികൂടിയതെന്നാണ് ആശങ്ക.

ഇവരുടെ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നിട്ടില്ല. കപ്പലില്‍ നിന്നും യാത്രക്കാരെയോ, ജീവനക്കാരെയോ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. 6000 യാത്രക്കാരും, 1000 ജീവനക്കാരുമാണ് കപ്പലിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റാലിയന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. ചൈനയില്‍ നിന്നും പടര്‍ന്നുപിടിച്ച കൊറോണാ വൈറസ് ലോകത്തിന് തന്നെ ആശങ്കയായി മാറുകയാണ്. വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്നതായി കണ്ടെത്തിയതോടെയാണ് ആശങ്ക വര്‍ദ്ധിച്ചത്.

Top