കനത്ത വെള്ളപ്പൊക്കം: നഗരത്തിന്റെ 70% വെള്ളത്തിനടില്‍; വെനീസില്‍ അടിയന്തരാവസ്ഥ

വെനീസ്: അര നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രളയത്തില്‍ ഇറ്റലിയിലെ പൈതൃക നഗരമായ വെനീസിന്റെ മുക്കാല്‍ ഭാഗത്തോളം മുങ്ങിയതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കിടെ നഗരത്തിലുണ്ടാവുന്ന മൂന്നാമത്തെ വെള്ളപ്പൊക്കമാണിത്. നഗരത്തിലെ പലയിടങ്ങളിലും ജലനിരപ്പ് ആറടി വരെ ഉയര്‍ന്നു.

1966 ലെ വെള്ളപ്പൊക്കത്തിനു ശേഷം ആദ്യമായാണ് വെനീസ് വെള്ളത്തിനടിയിലാകുന്നത്. കടലിലുണ്ടാവുന്ന കനത്ത വേലിയേറ്റങ്ങളാണ് വെനീസിലെ വെള്ളപ്പൊക്കത്തിന് കാരണം. 187 സെന്റിമീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിച്ച വേലിയേറ്റത്തെ തുടര്‍ന്ന് നഗരത്തിന്റെ 70 ശതമാനത്തോളം വെള്ളത്തിനടിയിലായി. 150 സെന്റിമീറ്ററിലധികം ഉയരത്തിലുണ്ടാകുന്ന വേലിയേറ്റങ്ങള്‍ വെനീസിന് കനത്ത ഭീഷണിയാണുയര്‍ത്തുന്നത്.

യൂറോപ്യന്‍ നഗരങ്ങളില്‍ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വെനീസ്.തിരമാലകള്‍ക്കൊപ്പം ശക്തമായ കാറ്റും പേമാരിയും വന്നതോടെ നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പലയിടത്തും വെള്ളം കയറുകയായിരുന്നു. വെള്ളക്കെട്ടില്‍ നൂറ്റാണ്ടോളം പഴക്കമുള്ള ചരിത്ര നിര്‍മിതികള്‍ക്കു കാര്യമായ കേടുപാടുണ്ട്. കനത്ത മഴയും വെള്ളക്കെട്ടും തുടര്‍ന്നാല്‍ ചരിത്രനഗരം കാലക്രമേണേ നിലംപൊത്തുമെന്നാണ് പലരുടെയും ആശങ്ക. വിലമതിക്കാനാകാത്ത ചരിത്ര തിരുശേഷിപ്പുകളാണ് വെള്ളപ്പൊക്കത്തില്‍ വെനീസില്‍ നിന്നു തുടച്ചുമാറ്റപ്പെടുന്നത്. ഇവ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതരോട് ജനങ്ങള്‍ കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാല്‍ ഏതു വിധത്തിലാണ് നേരിടേണ്ടതെന്ന ആശങ്കയിലാണ് അധികൃതര്‍. യു. എന്നിന്റെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ നഗരമാണ് വെനീസ്.

വ്യാപാര സ്ഥാപനങ്ങളും ചരിത്രസ്മാരകങ്ങളും ഉള്‍പ്പെടെ വെള്ളത്തിലായി. സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ സെന്റ് മാര്‍ക് സ്‌ക്വയര്‍ അടച്ചു. 1000 വര്‍ഷം പഴക്കമുളള സെന്റ് മാര്‍ക്‌സ് ബസിലിക്കയ്ക്കും പൗരാണിക സൗധങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും ഉപ്പുവെള്ളം കയറി നാശമുണ്ടായി. വിനോദ സഞ്ചാരികള്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ അഭയം തേടി. അരലക്ഷത്തോളം ജനസംഖ്യയുള്ള വെനീസില്‍ പ്രതിവര്‍ഷം ശരാശരി മൂന്നരക്കോടിയോളം സന്ദര്‍ശകരാണ് എത്തുന്നത്.

Top