കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട; 70 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 70 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. കോഴിക്കോട്​ പ്രിവന്‍റിവ്​ കസ്​റ്റംസും എയര്‍ കസ്​റ്റംസ്​ ഇന്‍റലിജന്‍സുമാണ്​ സ്വർണ്ണം പിടിച്ചത്​. രണ്ട്​ യാത്രക്കാരില്‍ നിന്നും ശുചിമുറിയില്‍നിന്നുമായി 70 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. കോഴിക്കോട് കുറ്റ്യാടി പെരുവയൽ സ്വദേശി മജീദ് (31), മലപ്പുറം വള്ളുവമ്പ്രം സ്വദേശി അഹമ്മദ് ഇഷാക്ക് (30) എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

എമിഗ്രേഷൻ ആഗമനഹാളിലെ ശൗചാലയത്തിൽനിന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം 1210 ഗ്രാം സ്വർണ്ണസംയുക്തം കണ്ടെടുത്തു. ഫ്ലഷ്‌ടാങ്ക് ബട്ടൻ ബോർഡിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു സ്വർണ്ണ സംയുക്തം. ദുബായിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലെത്തിയ മജീദ് ശരീരത്തിനകത്ത് ക്യാപ്‌സ്യൂൾ രൂപത്തിലാണ് സ്വർണ്ണസംയുക്തം കടത്തിയത്. അഹമ്മദ് ഇഷാക്ക് അടിവസ്ത്രത്തിൽ ഒളിപ്പിച്ചുകടത്തിയ 194 ഗ്രാം സ്വർണ്ണമാലയും പിടികൂടി.

രണ്ട് സംഭവങ്ങളിലായി 1210 ഗ്രാം സ്വർണസംയുക്തമാണ് പ്രിവന്റീവ് വിഭാഗം കണ്ടെടുത്തത്. ഇതിൽനിന്ന് 1193 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. പിടികൂടിയ സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 61,64,427 രൂപയും അന്താരാഷ്ട്ര വിപണിയിൽ 54,49,968 രൂപയും വിലവരും. മൂന്നുസംഭവങ്ങളിലായി 70 ലക്ഷം രൂപ വിലവരുന്ന 1387.5 ഗ്രാം സ്വർണമാണ് അധികൃതർ കണ്ടെടുത്തത്.

Top