ഏഴു വയസ്സുകാരന് ക്രൂരമര്‍ദനം ; അരുണ്‍ ആനന്ദിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും

തൊടുപുഴ: ഏഴു വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച അരുണ്‍ ആനന്ദിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. മുട്ടം ജില്ല ജയിലില്‍ കഴിയുന്ന പ്രതിയെ ബുധനാഴ്ച രാവിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

പുതുതായി ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും കസ്റ്റഡിയില്‍ ചോദ്യംചെയ്യല്‍. ഇയാള്‍ ഏര്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരങ്ങളെല്ലാം അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. കുട്ടികളെ അതിക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഇരയാക്കിയതായി അന്വേഷണ സംഘത്തിന് മാതാവ് അടക്കമുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെയും അമ്മയുടെയും മൊഴി കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ചോദ്യംചെയ്യല്‍.

അതേസമയം, മര്‍ദനമേറ്റ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇപ്പോഴുള്ള ചികിത്സ അതേപടി തുടരാന്‍ തന്നെയാണ് ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം. ആറാം ദിവസവും വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

തലച്ചോര്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ് . അണുബാധയില്ലാത്തതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താമെന്ന പ്രതീക്ഷ മാത്രമാണ് നിലവിലുളളത്.

നിയമപരമായ പ്രശ്നങ്ങളുള്ളതിനാല്‍ മസ്തിഷ്ക മരണം സ്ഥിരീകരിക്കാനാവശ്യമായ പരിശോധനകള്‍ നടത്താന്‍ കഴിയില്ല. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച നിലയില്‍ 7 ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു.

എന്തെങ്കിലും തരത്തിലുള്ള അത്ഭുതങ്ങൾ സംഭവിക്കാനുള്ള സാധ്യത ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞ് വരികയാണ്. വെന്‍റിലേറ്റർ മാറ്റിയാല്‍ കുട്ടിക്ക് അതിജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. എങ്കിലും മറ്റു അവയവങ്ങള്‍ പ്രവർത്തിക്കുന്ന സാഹചര്യത്തില്‍ വെന്‍റിലേറ്റർ മാറ്റില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Top