ഏഴ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് ; പ്രതിക്ക് 3 ജീവപര്യന്തം ശിക്ഷ

court

കൊല്ലം: കൊല്ലം അഞ്ചലില്‍ ഏഴ് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് 3 ജീവപര്യന്തം ശിക്ഷ. 26 വര്‍ഷം കഠിന തടവ് ശിക്ഷയും പ്രത്യേകം അനുഭവിക്കണം. 3.2 ലക്ഷം രൂപ പിഴയും ഒടുക്കണം. പ്രതിയുടെ പ്രായം പരിഗണിച്ചു വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നുവെന്നു കോടതി വ്യക്തമാക്കി. കൊല്ലം പോക്സോ കോടതിയുടേതാണ് വിധി. പ്രതി ചെയ്തത് ഹീനമായ കുറ്റകൃത്യമെന്നും കോടതി പറഞ്ഞു.

പ്രതി രാജേഷ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവാണ് പ്രതി. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

2017 ഒക്ടോബര്‍ 27 നു കുളത്തൂപ്പുഴ പൂവക്കാട്ട് ആയിരുന്നു കേസിനാസ്പദമായ സംഭവം. മുത്തശ്ശിയോടൊപ്പം രാവിലെ ട്യൂഷന്‍ സെന്ററിലേക്കു പുറപ്പെട്ട രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ട്യൂഷന്‍ സെന്ററില്‍ എത്തിക്കാമെന്നു പറഞ്ഞു വനത്തിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയുടെ മാതൃസഹോദരി അവരുടെ കുഞ്ഞുമായി ട്യൂഷന്‍ സെന്ററില്‍ എത്തിയപ്പോഴാണു കുട്ടി എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. തുടര്‍ന്നു രാജേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബന്ധുക്കളും നാട്ടുകാരും പകലും രാത്രിയും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. അടുത്ത ദിവസം രാവിലെ ആര്‍പിഎല്‍ എസ്റ്റേറ്റ് തൊഴിലാളികളാണു മൃതദേഹം കണ്ടത്. തുടര്‍ന്നു നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.

Top