തൊടുപുഴയിൽ മർദ്ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം; 12 മണിക്കൂർ നിർണായകം

കോലഞ്ചേരി: തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴുവയസ്സുകാരന്റെ നില അതിഗുരുതരം. തലച്ചോറിലെ രക്തസ്രാവം തടയാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും വൻകുടലിനും തകരാറ് സംഭവിച്ചിട്ടുണ്ട്. പന്ത്രണ്ട് മണിക്കൂർ കൂടി വെന്‍റിലേറ്ററിന്‍റെ സഹായം തുടരും.

48 മണിക്കൂറിന് ശേഷമേ ആരോഗ്യ നിലയെ കുറിച്ച്‌ എന്തെങ്കിലും പറയാന്‍ കഴിയൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലയോട്ടി പൊട്ടിയ നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. 15 മിനിട്ടിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി. തലച്ചോറിന് ചതവുണ്ട്. രക്തയോട്ടവുമില്ല. ഹൃദയത്തിനും ശരീരത്തിലെ മറ്റ് ഇരുപതിടങ്ങളിലും പരിക്കുണ്ട്. ശ്വാസകോശത്തിലെയും വയറിലെയും പരിക്ക് ഗുരുതരമാണ്. ഇത് വീഴ്ചയിലോ കഠിനമായ മര്‍ദ്ദനം മൂലമോ ഉണ്ടായതാണ്. ഇന്നലെ വൈകിട്ടു നടത്തിയ സ്‌കാനിംഗിലും കാര്യമായ പുരോഗതി കാണാന്‍ കഴിഞ്ഞില്ല. കൈകാലുകള്‍ അനക്കാനോ സ്വന്തമായി ശ്വസിക്കാനോ കഴിയുന്നില്ല.

ഏഴ് വയസ്സുകാരനെ പ്രതിയായ അരുൺ ആനന്ദ് അതിക്രൂരമായി മർദ്ദിച്ചെന്ന് പൊലീസ് വിശദമാക്കിയിരുന്നു. ചവിട്ടിയും ഇടിച്ചും പരിക്കേൽപ്പിച്ചു. ചുവരിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ ഡിവൈഎസ്പി കെ.പി ജോസ് അറിയിച്ചു.

Top