റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍; ഇന്ന് ഏഴ് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല

കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് ഏഴ് ട്രെയിനുകൾ സർവീസ് നടത്തില്ല. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, ഗുരുവായൂർ പുനലൂർ ഡെയ്‌ലി എക്‌സ്പ്രസ്, പുനലൂർ ഗുരുവായൂർ എക്‌സ്പ്രസ്, എറണാകുളം-ആലപ്പുഴ അൺറിസേർവ്ഡ് എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ പ്രധാന ട്രെയിനുകൾ.

നേരത്തെ റദ്ദാക്കിയ പരശുറാം എക്‌സ്പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തും. നിയന്ത്രണങ്ങളുടെ ഭാഗമായി 30 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിട്ടിട്ടുണ്ട്. തിരുവനന്തപുരം- സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, കൊച്ചുവേളി -ലോക്മാന്യതിലക് എക്‌സ്പ്രസ്, ചെന്നൈ സെൻട്രൽ തിരുവനന്തപുരം എക്‌സ്പ്രസ്, തിരുവനന്തപുരം ചെന്നൈ എക്‌സ്പ്രസ്, നാഗർകോവിൽ ഷാലിമാർ ഗുരുദേവ് എക്‌സ്പ്രസ് എന്നിവ ആലപ്പുഴ വഴി വഴിതിരിച്ചുവിട്ടവയാണ്.

കൊല്ലത്ത് നിന്നും ചങ്ങനാശേരി വരെ വേണാട് ട്രെയിനിന്റെ സമയത്ത് ഒരു മെമു സർവീസ് നടത്തും. ഇത് രണ്ടുഭാഗത്തേക്കും സർവീസ് നടത്തുന്നുണ്ട്. പരശുരാമിന് പകരം മംഗലാപുരത്തിനും ഷൊർണൂരിനുമിടയിൽ ഒരു സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്താനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

Top