മോദിയെ കുറ്റം പറയുന്നത് നിര്‍ത്തി; പ്രതിച്ഛായ മാറ്റത്തിന്റെ ഗുണം കൊയ്‌തെടുത്ത് കെജ്രിവാള്‍

2015ല്‍ അരവിന്ദ് കെജ്രിവാള്‍ അധികാരത്തില്‍ എത്തിയത് മുതല്‍ ദിവസേന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യംവെച്ചിരുന്നു. ഡല്‍ഹിയില്‍ മനഃസമാധാനമായി ഭരിക്കാന്‍ മോദി അനുവദിക്കുന്നില്ലെന്നാണ് ആം ആദ്മി പാര്‍ട്ടി മേധാവി പതിവായി ജപിച്ചുപോന്നത്. നരേന്ദ്ര മോദിയെ കടന്നാക്രമിക്കാനും, പരിഹസിക്കാനും യാതൊരു മടിയും കാണിക്കാതിരുന്ന കെജ്രിവാള്‍ മൂന്ന് വര്‍ഷത്തോളം ഈ പരിപാടി തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ ട്രാക്ക് അദ്ദേഹം മാറ്റുകയും ചെയ്തു.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ഭരണത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ അരവിന്ദ് കെജ്രിവാള്‍ നയിച്ചത്. ഒരു വിഷയം അല്ലെങ്കില്‍ മറ്റൊന്ന് അദ്ദേഹം ഉയര്‍ത്തിവിട്ടു, ഒപ്പം ഡല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി വേണമെന്ന ആവശ്യവും ഉയര്‍ത്തി. മോദിയെ മനോരോഗിയെന്നും, ഭീരുവെന്നും വിശേഷിപ്പിക്കാന്‍ അദ്ദേഹം മടിച്ചില്ല. മോദിയും, അമിത് ഷായും തന്നെ കൊല്ലിക്കുമെന്നും വരെ കെജ്രിവാള്‍ പ്രസ്താവന നടത്തി.

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം പോലുള്ള നടപടികളെ ശക്തമായി എതിര്‍ത്ത കെജ്രിവാള്‍ പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണങ്ങള്‍ക്ക് തെളിവും ചോദിച്ചു. തന്റെ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ആ നിലപാടില്‍ നിന്നും കെജ്രിവാള്‍ പിന്നോക്കം പോയി.

മോദിക്കും, ഷായ്ക്കും എതിരെ കടുത്ത ഭാഷ കെജ്രിവാള്‍ ഉപേക്ഷിച്ചു. പൗരത്വ നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം ബഹളം വെച്ചപ്പോഴും ശക്തമായ നിലപാട് സ്വീകരിക്കാതെ അദ്ദേഹം മയപ്പെട്ട് നിന്നു. ഷഹീന്‍ ബാഗ് രാജ്യത്തിന് ആവേശമായപ്പോഴും ഇവരെ തുറന്ന് പിന്തുണയ്ക്കാന്‍ കെജ്രിവാള്‍ തയ്യാറായില്ല.

തന്നെ ബിജെപി എംപി പര്‍വേഷ് വര്‍മ്മ തീവ്രവാദി എന്ന് വിശേഷിപ്പിച്ചപ്പോഴും ഇതിനെതിരെ വാക്‌പോരിന് നില്‍ക്കാതെ വികാരപരമായി സംസാരിച്ച് വോട്ടര്‍മാരുടെ മകനായി മാറുകയായിരുന്നു അദ്ദേഹം ചെയ്തത്. ഒടുവില്‍ ഡല്‍ഹി വോട്ടര്‍മാര്‍ ഈ നിലപാടുകള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ കെജ്രിവാള്‍ വീണ്ടും മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുകയാണ്.

Top