7.5 lakh Muslims, Christians re-converted in last 10 years: Pravin Togadia

സൂറത്ത്: ഘര്‍വാപസിയിലൂടെ 10 വര്‍ഷത്തിനിടെ രാജ്യത്ത് 7.5 ലക്ഷം പേരെ തിരികെ ഹിന്ദുമതത്തിലെത്തിച്ചെന്ന് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ. അഞ്ച് ലക്ഷം ക്രിസ്ത്യാനികളേയും രണ്ടരലക്ഷം മുസ്‌ലിങ്ങളേയും തിരിച്ച് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതായാണ് തൊഗാഡിയ അവകാശപ്പെട്ടത്.

ഹിന്ദുമതം സംരക്ഷിക്കാന്‍ ഘര്‍വാപസി ഊര്‍ജിതമായി തുടരണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. പ്രതിവര്‍ഷം 15,000 പേരെ വീതമാണ് ഘര്‍വാപസി നടത്തിവന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇത് 40,000 കടക്കാനായി. ഇത് ആര്‍.എസ്.എസ് നടത്തിയത് ഒഴിച്ചുള്ള സംഖ്യയാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ മതത്തെ സംരക്ഷിച്ച് ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമായി തുടരണമെങ്കില്‍ കൂടുതല്‍ ഘര്‍വാപസികള്‍ നടത്തേണ്ടതുണ്ട്. പാകിസ്താനിലുള്ള ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top