കുട്ടിപ്പീഡനത്തില്‍ മലപ്പുറം ഒന്നാമത്; 6 മാസം കൊണ്ട് സംസ്ഥാനത്ത് 690 കേസുകള്‍

വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ നേരിട്ട ലൈംഗിക പീഡനവും, അവരുടെ മരണവും സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഘട്ടത്തില്‍ ആശങ്കയ്ക്ക് വഴിയൊരുക്കി കുട്ടിപ്പീഡനത്തിന്റെ കണക്ക്. ചൈല്‍ഡ്‌ലൈന്‍ പുറത്തുവിട്ട ഈ സാമ്പത്തിക വര്‍ഷത്തില്‍ ആറ് മാസത്തിലെ കണക്കുകള്‍ ഒട്ടും ശുഭപ്രതീക്ഷ ഏകുന്ന ഒന്നല്ല. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ നടന്ന 690 പീഡനകേസുകളാണ് ചൈല്‍ഡ്‌ലൈന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

99 കേസുകളാണ് ഇവിടെ നിന്നും പുറത്തുവന്നത്. തൊട്ടുപിന്നില്‍ 98 കേസുകളുമായി തിരുവനന്തപുരമുണ്ട്. മൂന്നാം സ്ഥാനത്തുള്ള എറണാകുളത്ത് 78 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കോഴിക്കോട് 63 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കാസര്‍കോട് 59 കേസുകള്‍, തൃശ്ശൂര്‍ 45, ഇടുക്കി 37, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ 35 കേസുകള്‍ വീതവും, വയനാട്, പാലക്കാട് ജില്ലകളില്‍ 34 കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തു.

പട്ടികയില്‍ മലപ്പുറം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. പത്തനംതിട്ടയില്‍ 20 കേസും, കോട്ടയം 26, ആലപ്പുഴ 27 എന്നീ ജില്ലകളും പട്ടികയില്‍ ഇടംപിടിച്ചു. ചൈല്‍ഡ്‌ലൈനില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ മാത്രം കണക്കാണിത്. ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകള്‍, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍, പോലീസ് എന്നിവര്‍ക്ക് മുന്നിലെത്തിയ കേസുകള്‍ ഇതില്‍ പെടുന്നില്ല. പീഡനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ഇത് ചൈല്‍ഡ്‌ലൈന്‍ പോലുള്ള ഏജന്‍സികള്‍ നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതാണെന്നാണ് കരുതുന്നത്.

കുട്ടികള്‍ക്ക് നേരെയുള്ള ശാരീരിക അക്രമങ്ങളില്‍ എറണാകുളവും, തിരുവനന്തപുരവുമാണ് മുന്നില്‍, 158 കേസുകള്‍ വീതം. മാനസിക ചൂഷണത്തില്‍ 120 കേസുകളുമായി എറണാകുളം മുന്നിലെത്തി. ഇതോടൊപ്പം 111 തവണ കുട്ടികളെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്‌തെന്നത് ഗുരുതരമായി കണക്കാക്കുന്നു. മലപ്പുറവും, വയനാടും 20 കേസുകളുമായി ഇതില്‍ മുന്നിലുണ്ട്. ഇതോടൊപ്പം സ്‌കൂള്‍ പഠനം ഇടയ്ക്ക് വെച്ച് നിര്‍ത്തുന്ന കുട്ടികളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ദ്ധനയുണ്ട്. 178 വിദ്യാര്‍ത്ഥികളാണ് ചൈല്‍ഡ്‌ലൈന്‍ കണക്ക് പ്രകാരം പഠനം അവസാനിപ്പിച്ചത്.

Top