hedli – Bal Thackeray

മുംബയ്: ഭീകര സംഘടനയായ ജമാത്ത്ഉദ്ദവായുടെ തലവന്‍ ഹാഫിസ് സെയ്ദിന് ശിവസേന നേതാവ് ബാല്‍ താക്കറെയെ ഒരു പാഠം പഠിപ്പിക്കണമെന്നുണ്ടായിരുന്നു എന്ന് മുംബയ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന പാക്അമേരിക്കന്‍ ഭീകരന്‍ ഹെഡ്‌ലി വെളിപ്പെടുത്തി.

ഈ ലക്ഷ്യം നേടാനായി തനിക്ക് ആറുമാസം വേണമെന്ന് സെയ്ദിനോട് പറഞ്ഞതായും ഹെഡ്‌ലി പറഞ്ഞു. കൂടാതെ മുംബയിലുള്ള താക്കറെയുടെ വീടും സേന ഭവനും നിരീക്ഷിച്ചിരുന്നു എന്നും അയാള്‍ വിചാരണയില്‍ പറഞ്ഞു.

2008ല്‍ തന്റെ പിതാവ് മരിച്ചപ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ആയിരുന്ന യൂസഫ് റാസ ഗിലാനി വീട്ടിലെത്തി അനുശോചനം അറിയിച്ചുവെന്നും ഹെഡ്‌ലി പറഞ്ഞു. അന്തരിച്ച ശിവസേന തലവന്‍ ബാല്‍ താക്കറെയെ അമേരിക്കയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവിടെ വച്ച് അദ്ദേഹത്തെ അപായപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നില്ല.

പക്ഷേ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് താക്കറെ അമേരിക്കയിലേക്ക് വന്നില്ല. വ്യാജ ഏറ്റുമുട്ടലില്‍ മരിച്ച ഇസ്രത് ജഹാന്‍ ലഷ്‌കര്‍ തീവ്രവാദിയാണെന്ന് തന്റെ കൂട്ടാളി തഹാവൂര്‍ റാണയുടെ വിചാരണക്കിടെ പറഞ്ഞിട്ടില്ലെന്നും ഹെഡ്‌ലി വ്യക്തമാക്കി.

വിചാരണയുടെ മൂന്നാം ദിവസം മുംബയ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഒമ്പതു അക്രമികള്‍ക്കും പാകിസ്ഥാന്‍ സൈന്യത്തിന്റെ ഉയര്‍ന്ന ഗാലന്ററി അവാര്‍ഡായ നിഷാന്‍ഈഹൈദര്‍ നല്‍കണമെന്ന് ലഷ്‌കര്‍ കൂട്ടാളികളോട് ആവശ്യപ്പെട്ടെന്നും ഹെഡ്‌ലി പറഞ്ഞു.

മുംബയ് ഭീകരാക്രമണം നടത്താനുള്ള ആദ്യത്തെ ശ്രമം ഉപേക്ഷിച്ചത് അക്രമികളുമായ വന്ന ബോട്ട് പാറയില്‍ ഇടിച്ച് മറിഞ്ഞതിനാലാണെന്നും അയാള്‍ വ്യക്തമാക്കി. അക്രമികള്‍ എല്ലാവരും രക്ഷപ്പെട്ടെങ്കിലും ആയുധങ്ങളും മറ്റും നഷ്ടപ്പെട്ടതാണ് പദ്ധതി പരാജയപ്പെടാന്‍ കാരണം.

Top