adoor prakash-land-issues-santhosh-madhavan

തിരുവനന്തപുരം: മെത്രാന്‍ കായല്‍ നികത്തല്‍ ഉത്തരവ്, കരുണാ എസ്റ്റേറ്റിന്റെ നികുതി സ്വീകരിക്കാനുള്ള നിയമ വിരുദ്ധ തീരുമാനം എന്നിവയില്‍ പ്രതിക്കൂട്ടിലായ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് വീണ്ടും കുരുക്കിലായി.

മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം വിവാദ വ്യവസായി സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് തിരിച്ച് നല്‍കിയ റവന്യൂവകുപ്പിന്റെ നടപടിയാണ് ഇപ്പോള്‍ യുഡിഎഫിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

ആര്‍എംഇസഡ് കമ്പനിയില്‍ നിന്നും ഏറ്റെടുത്ത എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍, പുത്തന്‍ വേലിക്കര,തൃശൂര്‍ ജില്ലയിലെ മാള എന്നിവിടങ്ങളിലെ 118 ഏക്കര്‍ വിട്ട് കൊടുത്തുകൊണ്ട് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ട് മുമ്പ് ഇറക്കിയ റവന്യു വകുപ്പിന്റെ ഉത്തരവാണ് വകുപ്പ്മന്ത്രിയെ വീണ്ടും പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.

പ്രതിപക്ഷത്തിന് പുറമേ കോണ്‍ഗ്രസ് എംഎല്‍എമാരായ ടി എന്‍ പ്രതാപനും കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ വി ഡി സതീശനും ഇതിനകം തന്നെ സര്‍ക്കാര്‍ ഉത്തരവിനെതിരെ രംഗത്തിറങ്ങിക്കഴിഞ്ഞു. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി കഴിഞ്ഞു.

ഐടി വ്യവസായത്തിനെന്ന പേരിലാണ് 90 ശതമാനം നെല്‍പാടങ്ങള്‍ ഉള്‍പ്പെട്ട സ്ഥലം സര്‍ക്കാര്‍ വിട്ടു നല്‍കിയത്.

കഴിഞ്ഞ ഇടതു സര്‍ക്കാര്‍ രണ്ട് തവണയും അനുമതി നിഷേധിച്ച പദ്ധതിയാണിത്. നേരത്തെ ആദര്‍ശ് പ്രൈം പ്രോജക്ട് എന്ന പേരിലായിരുന്നു അനുമതി തേടിയിരുന്നത്.

ഭൂപരിഷ്‌കരണ നിയമം 81 (3) ബി പ്രകാരമുള്ള ഭൂപരിധി ഒഴിവാക്കാനായി ലഭിച്ച നിവേദനം പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ എറണാകുളം, തൃശൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് റവന്യൂവകുപ്പ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

കമ്പനിയുടേത് പൊതുതാല്‍പര്യമല്ലെന്നും റിയല്‍ എസ്റ്റേറ്റ് താല്‍പര്യമാണെന്നും കാണിച്ച് ജില്ലാതല സമിതികള്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ കമ്പനിയുടെ അപേക്ഷ മുന്‍ റവന്യു സെക്രട്ടറി ടി ഒ സൂരജ് തള്ളുകയായിരുന്നു.

ഇതോടെ ഉപേക്ഷിച്ചെന്ന് കരുതിയ പദ്ധതിയാണ് ഇപ്പോള്‍ ഐടിക്കെന്ന പേരില്‍ വീണ്ടും എത്തിയത്.

മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം ഏതുവിധേനയും തിരികെ ലഭിക്കുന്നതിനായി നടത്തിയ ഇടപെടലുകള്‍ക്ക് പിന്നില്‍ വമ്പന്‍ ഇടപാടുകള്‍ നടന്നതായി ഭരണപക്ഷത്ത് തന്നെ ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.

റനവ്യുവകുപ്പിന്റെ നിലപാടിന് സര്‍ക്കാര്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതിനാല്‍ മുഖ്യമന്ത്രിക്ക് ആരോപണത്തില്‍ നിന്ന മാറിനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ അനുകൂലിക്കുന്ന നേതാക്കള്‍ വ്യക്തമാക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പ്രഹരിക്കാന്‍ തുടര്‍ച്ചയായി പ്രതിപക്ഷത്തിന് ‘ആയുധം’ നല്‍കുന്ന റവന്യു വകുപ്പിന്റെ നടപടിയില്‍ സുധീരന്‍ രോഷാകുലനാണെന്നാണ് റിപ്പോര്‍ട്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുന്‍പ് മറ്റ് ഏതൊക്കെ വിവാദ ഉത്തരവുകളാണ് ഇറങ്ങിയതെന്നാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം പരിശോധിക്കുന്നത്.

അടൂര്‍ പ്രകാശ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു കാരണവശാലും ഉള്‍പ്പെടാന്‍ പാടില്ലെന്ന നിലപാട് ഹൈക്കമാന്‍ഡിനെ കെപിസിസി പ്രസിഡന്റ് തന്നെ നേരിട്ട് അറിയിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

അടൂര്‍ പ്രകാശ് മത്സരിക്കുകയാണെങ്കില്‍ അത് യുഡിഎഫിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്ന അഭിപ്രായം മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്കിടയിലും ഉണ്ട്.

Top