shahid afridi served legal notice over his comment

ഇസ്ലാമബാദ്: കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ ഇന്ത്യയെ പുകഴ്ത്തി സംസാരിച്ച പാകിസ്ഥാന്‍ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദിക്ക് വക്കീല്‍ നോട്ടീസ്. പ്രസ്താവന പിന്‍വലിക്കണമെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് ലാഹോറിലെ ഒരു അഭിഭാഷകനാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
അഫ്രീദിയുടെയും ഷൊയ്ബ് മാലിക്കിന്റെയും ഇന്ത്യയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അഭിപ്രായപ്രകടനത്തിനെതിരെ പാകിസ്ഥാന്റെ മുന്‍കാല ക്രിക്കറ്റ് താരങ്ങള്‍ അടക്കമുള്ള ചിലര്‍ പ്രതിക്ഷേധവുമായെത്തിയിട്ടുണ്ട്. ഇന്ത്യയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഷാഹിദ് അഫ്രീദിയുടെ പ്രസ്താവന നാണക്കേടുണ്ടാക്കുന്നതാണെന്ന് മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ് പറഞ്ഞു. ഇത്തരം വാക്കുകള്‍ പറയുന്നതില്‍ കളിക്കാര്‍ക്ക് സ്വയം നാണക്കേടു തോന്നേണ്ടതാണെന്നും മിയാന്‍ദാദ് ഒരു പാക് ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. ഇന്ത്യയില്‍ പോയി നന്നായി കളിക്കുകയെന്നതാണ് അവരുടെ ജോലി. അല്ലാതെ അനാവശ്യ പ്രസ്താവനകള്‍ നടത്തുകയല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് മല്‍സരത്തിനായാണ് അവര്‍ ഇന്ത്യയിലേക്ക് പോയത്. അതുകൊണ്ട് ആതിഥേയരെ പുകഴ്ത്തി സംസാരിക്കേണ്ട ആവശ്യമില്ല. ഇന്ത്യക്കാര്‍ എന്താണ് നമുക്ക് നല്‍കിയിട്ടുള്ളത്. ഇന്ത്യയിലായാലും സത്യം മാത്രമേ പറയാവൂ. കഴിഞ്ഞ അഞ്ചുവര്‍ഷമായി പാക്കിസ്ഥാന്‍ ക്രിക്കറ്റിന് അവര്‍ എന്താണ് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളായി പാക്ക് ക്രിക്കറ്റിനായി കളിച്ചിട്ട് ഇത്തരം വാക്കുകള്‍ കേള്‍ക്കുന്നത് ഞെട്ടലുളവാക്കുന്നതാണ് മിയാന്‍ദാദ് പറഞ്ഞു.
ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലെത്തിയ അഫ്രീദിയും മാലിക്കും കൊല്‍ക്കത്തിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇന്ത്യയിലെ ആരാധകരെ പുകഴ്ത്തി സംസാരിച്ചത്. നാട്ടിലേക്കാള്‍ സ്‌നേഹം തങ്ങള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്നതായും സുരക്ഷാ പ്രശ്‌നങ്ങളൊന്നും തങ്ങളെ അലട്ടുന്നില്ലെന്നുമായിരുന്നു അഫ്രീദി പറഞ്ഞത്. ഇന്ത്യയില്‍ കളിക്കുമ്പോഴുള്ളതുപോലെ ക്രിക്കറ്റ് മറ്റൊരിടത്തും താന്‍ ആസ്വദിച്ചിട്ടില്ല. ഏറെക്കാലം ഇന്ത്യന്‍ മണ്ണില്‍ കളിക്കാന്‍ കഴിഞ്ഞതു തന്റെ ഭാഗ്യമാണെന്നും അഫ്രീദി പറഞ്ഞിരുന്നു.
പാക്കിസ്ഥാന്‍ ഓള്‍റൗണ്ടറും ഇന്ത്യയുടെ മരുമകനുമായ ഷുഐബ് മാലിക്കും ഇന്ത്യയില്‍ കളിക്കുന്നതിന്റെ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഭാര്യ സാനിയ മിര്‍സയുടെ നാട്ടില്‍ തനിക്ക് ഏറെ ആദരവ് ലഭിക്കുന്നതായി അഭിപ്രായപ്പെട്ട മാലിക്ക് മികച്ച സുരക്ഷയൊരുക്കിയ ഇന്ത്യയ്ക്ക് നന്ദി പറയുകയും ചെയ്തു.
ഇന്ത്യയില്‍ വന്നപ്പോഴൊന്നും തനിക്കു സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മാലിക്ക് സൂചിപ്പിച്ചു.
ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ആളുകള്‍ തമ്മില്‍ തനിക്കൊരു വ്യത്യാസവും തോന്നിയിട്ടില്ല. ഒരേതരം ഭക്ഷണം കഴിക്കുന്നു, ഒരേ ഭാഷകള്‍ സംസാരിക്കുന്നു- മാലിക് കൂട്ടിച്ചേര്‍ത്തു.

Top