ആറാം ദിവസമായ ഐഎഫ്ഫ്‌കെയില്‍ ഇന്ന് 12 ഓസ്‌കര്‍ എന്‍ട്രി ചിത്രങ്ങള്‍ ഉള്‍പ്പെടെ 67 ചിത്രങ്ങള്‍

തിരുവനന്തപുരം: ഐഎഫ്ഫ്‌കെയുടെ ആറാംദിനമായ ഇന്ന് 12 ഓസ്‌കര്‍ എന്‍ട്രി ചിത്രങ്ങള്‍ ഉള്‍പ്പെടെ 67 ചിത്രങ്ങള്‍. ഇതില്‍ 49 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനമാണ് ഇന്ന് ഓസ്‌കര്‍ എന്‍ട്രി നേടിയ ചിത്രങ്ങളില്‍ പാവോ ചോയ്‌നിംഗ് ഡോര്‍ജ് ഒരുക്കിയ ദി മോങ്ക് ആന്‍ഡ് ദി ഗണ്‍, കൗത്തര്‍ ബെന്‍ ഹനിയയുടെ ഫോര്‍ ഡോട്ടേഴ്‌സ് എന്നിവ ഉള്‍പ്പെടെ എട്ടു ചിത്രങ്ങളുടെയും മേളയിലെ അവസാന പ്രദര്‍ശനവും ഇന്ന് നടക്കും.

മലയാള ചിത്രങ്ങളില്‍ ആപ്പിള്‍ ചെടികളുടെ അവസാന പ്രദര്‍ശനവും നീലമുടി, ഷെഹറാസാദ്, ആനന്ദ് മൊണാലിസ മരണവും കാത്ത് എന്നിവയുടെ രണ്ടാമത്തെ പ്രദര്‍ശനവും അദൃശ്യ ജാലകങ്ങള്‍, ഹോം എന്നിവയുടെ അവസാന പ്രദര്‍ശനവും ബുധനാഴ്ചയാണ്. വനൂരി കഹിയുടെ റഫീക്കിയും മൃണാല്‍ സെന്നിന്റെ ആന്‍ഡ് ക്വയറ്റ് റോള്‍സ് ദി ഡൗണും ക്രിസ്റ്റോഫ് സനൂസിയുടെ ദി ഇല്യൂമിനേഷനും ആറാംദിനം പ്രദര്‍ശിപ്പിക്കും.

ലോക സിനിമാ വിഭാഗത്തില്‍ മത്യാസ് ബിസിന്റെ ദി പണിഷ്‌മെന്റ്, അര്‍ജന്റീനിയന്‍ ചിത്രം എഫയര്‍, ഫൗസി ബെന്‍സൈദിയുടെ ഡെസെര്‍ട്‌സ്, ഇറാനിയന്‍ ചിത്രം ദി അനോയിഡ്, ഇന്‍ഷാ അള്ളാ എ ബോയ്, ഒമന്‍, ഹാങ്ങിങ് ഗാര്‍ഡന്‍സ്, ഡ്രിഫ്റ്റ്, പാത്സ് ഓഫ് ഗ്ലോറി, ഡീഗ്രേഡ്, ആംബുഷ്, പദാദിക്, ജോസഫ്സ് സണ്‍ തുടങ്ങി 35 സിനിമകളും പ്രദര്‍ശിപ്പിക്കും.

ചലച്ചിത്രമേളയിലെ പ്രേക്ഷക പുരസ്‌കാരം നല്‍കുന്നതിനുള്ള ഓഡിയന്‍സ് പോള്‍ ഇന്നാരംഭിക്കും. ഐ.എഫ്.എഫ്.കെ. സൈറ്റ്, ആപ്പ്, എസ്.എം.എസ്. എന്നിവ വഴി ഡെലിഗേറ്റുകള്‍ക്ക് അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഇഷ്ടചിത്രത്തിന് വോട്ടുചെയ്യാം. വൈകിട്ട് ആറിന് മാനവീയം വീഥിയില്‍ അഭയ ഹിരണ്‍മയിയും ഷിയോണ്‍ സജിയും സംഗീതനിശ അവതരിപ്പിക്കും.

Top