doom4 prabhas hero

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി തെലുങ്ക് നടന്‍ പ്രഭാസിന് നല്‍കിയ പ്രസിദ്ധി ചില്ലറയല്ല. അതുപോലെ തന്നെയാണ് പണം വാരി സിനിമയായ ധൂമിന് ഇന്ത്യയിലും വിദേശത്തും കിട്ടിയ പെരുമയും. എന്തായാലും ‘കള്ളത്തരം’ പറയുന്ന പരമ്പരചിത്രം ധൂമിന്റെ നാലാം പതിപ്പില്‍ പ്രഭാസ് നായകനാകുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ സിനിമാക്കമ്പനികളില്‍ ഒന്നായ യാശ്രാജ് ഒരുക്കുന്ന ചിത്രത്തില്‍ ഹൃത്വിക് റോഷനൊപ്പമായിരിക്കും പ്രഭാസ് എത്തുക എന്നും കേള്‍ക്കുന്നു. ഈ ചിത്രം പ്രഭാസിന്റെ ബോളിവുഡ് അരങ്ങേറ്റമായിരിക്കുമെന്നും താരത്തെ കുറിച്ച് അറിയാനായി വേണ്ടി മാത്രം ആദിത്യ ചോപ്രയ്ക്കും ധൂം സംവിധായകന്‍ വിജയ് കൃഷ്ണ ആചാര്യയ്ക്കും ബാഹുബലിയുടെ സ്വകാര്യ പ്രദര്‍ശനം നടത്തിയെന്നും താരത്തില്‍ സംവിധായകനും നിര്‍മ്മാതാവും തൃപ്തരായെന്നും കേള്‍ക്കുന്നു.

സിനിമയുടെ കഥ യാശ്രാജ് ഫിലിംസ് പ്രഭാസിനെ കേള്‍പ്പിച്ചതായി വിവരമുണ്ട്. ധൂം നാലില്‍ പ്രഭാസിന് പ്രധാന വേഷമായിരിക്കുമെന്നും ഹൃത്വിക് അതിഥി വേഷത്തില്‍ ആയിരിക്കുമെന്നും കേള്‍ക്കുന്നുണ്ട്. അതേസമയം ഈ ഭാഗത്തിന് വേണ്ടി രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, അമിതാഭ് ബച്ചന്‍ എന്നിവരുടെ പേരുകളും നേരത്തേ കേട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.

ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചു വരുന്ന പ്രഭാസിന് ഈ സിനിമയുമായി ബന്ധപ്പെട്ട് ഇനി വെറും 100 ദിവസത്തെ ഷൂട്ട് മാത്രമാണ് ഉള്ളത്. അടുത്ത വര്‍ഷം സിനിമ റിലീസാകുമെന്നാണ് കേള്‍ക്കുന്നത്.

Top