ലണ്ടനിൽ ഇന്ത്യക്കാരിയായ മുൻ മന്ത്രിക്ക് ‘അസഭ്യകത്ത്’ അയച്ചു 65കാരന് ജയിൽശിക്ഷ

ലണ്ടൻ: മുൻ മന്ത്രി പ്രീതി പട്ടേലിന് അസഭ്യങ്ങള്‍ നിറഞ്ഞ കത്ത് അയച്ച 65കാരന് അഞ്ച് മാസത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞയാഴ്ചയാണ് പൂനീരാജ് കനാക്കിയ എന്നയാളെ ശിക്ഷിച്ചത്.

പട്ടേലിനെ അഭിസംബോധന ചെയ്തുള്ള കത്തിൽ വ്യക്തി​ഗതമാ‌യത് (personal) എന്നെഴുതിയിരുന്നു. കഴിഞ്ഞ വർഷം ജനുവരി 22നാണ് കത്ത് പ്രീതി പട്ടേലിന്റെ ഓഫീസിലെത്തിയത്. പേഴ്സണൽ സ്റ്റാഫിലെ ഒരു അംഗമാണ് കത്ത് തുറന്ന് വായിച്ചത്. പ്രീതി നേരിട്ട് കത്ത് കണ്ടില്ലെങ്കിലും അയച്ച വ്യക്തിയെ കണ്ടെത്താൻ ഫോറൻസിക് പരിശോധനയ്ക്ക് നിർദ്ദേശിക്കുക‌‌യായിരുന്നു. കത്തിലെ ഉള്ളടക്കം അസഭ്യങ്ങൾ നിറഞ്ഞതായിരുന്നു. തന്നെ പിടികൂടില്ലെന്നാ‌യിരുന്നു കനാക്കി‌യയുടെ വിശ്വാസം.

എന്നാൽ, ഫോറൻസിക് സംഘത്തിന്റെ സഹാ‌യത്തോടെ അന്വേഷണം ആരംഭിക്കുക‌യും കുറ്റക്കാരനെ കണ്ടെത്തുകയുമായിരുന്നെന്ന് സീനിയർ ക്രൗൺ പ്രോസിക്യൂട്ടർ ലോറൻ ദോശി പറഞ്ഞു. “ഈ ശിക്ഷാവിധിയും ശിക്ഷയും വ്യക്തമായ സന്ദേശമാണ് നൽകുന്നത്. ഇത്തരത്തിലുള്ള ഭീഷണികൾ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വെച്ചുപൊറുപ്പിക്കില്ലെന്നും ഇതിലൂടെ വ്യക്തമാണ്. അത്തരം കുറ്റകൃത്യങ്ങളെ വിചാരണ ചെയ്ത് ശിക്ഷ നടപ്പാക്കാൻ നിയമസംവിധാനം മടിക്കില്ല.” ലോറൻ ദോശി കൂട്ടിച്ചേർത്തു.

പ്രീതി പട്ടേലിനുള്ള കത്തിനായി ഉപയോഗിച്ച പേപ്പറിന് മുകളിൽ വച്ച് ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസിക്ക് (ഡിവിഎൽഎ) കനാക്കിയ കത്ത് എഴുതിയതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി‌യതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. അതിലൂടെ അന്വേഷണസംഘം കനാക്കിയ‌യുടെ പേരും മേൽവിലാസവും കണ്ടെത്തി. തുടക്കത്തിൽ കനാക്കി‌യ കുറ്റം നിഷേധിച്ചു. എന്നാൽ, തുടർച്ചയായ ചോദ്യം ചെയ്യലിൽ താൻ കത്തയച്ചതാ‌യി സമ്മതിക്കുകയായിരുന്നു. ഈസ്റ്റ് ലണ്ടനിൽ ആരോ​ഗ്യമേഖല‌യിൽ ജീവനക്കാരനാണ് ഇയാൾ.

Top