സ്കൂള്‍ കായിക മേളക്ക് കണ്ണൂരില്‍ തുടക്കമായി ; ആദ്യ സ്വര്‍ണം എറണാകുളത്തിന്

63ാമത് സംസ്ഥാന സ്കൂൾ കായിക മേളക്ക് കണ്ണൂരില്‍ തുടക്കമായി. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററായിരുന്നു ആദ്യ മത്സരം. എറണാകുളം കോതമംഗലം മാര്‍ ബേസിലിന്റെ അമിത് നാഥ് മീറ്റിലെ ആദ്യ സ്വര്‍ണം നേടി.

മൂവായിരം മീറ്ററിലെ എല്ലാ വിഭാഗത്തിലെയും മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് സ്വര്‍ണ്ണവുമായി പാലക്കാടാണ് മുന്നില്‍. സീനിയര്‍ പെണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ കല്ലടി സ്കൂളിലെ സി ചാന്ദ്നിയും ജൂനിയര്‍ ആണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ റിജോയ് ജെ യുമാണ് പാലക്കാടിന് വേണ്ടി സ്വര്‍ണ്ണം നേടിയത്.

കോഴിക്കോട് ഒരു സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ കട്ടിപ്പാറ ഹോളി ഫാമിലി എച്ച്‌എസ്‌എസിലെ സനിക കെപിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഈ ഇനത്തില്‍ അനശ്വര ഗണേശനാണ് വെള്ളി.

കണ്ണുർ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന മേളയിൽ 2500ഓളം കായിക താരങ്ങളാണ് പങ്കെടുക്കുക. മന്ത്രി ഇ.പി ജയരാജനാണ് മേള ഉൽഘാടനം ചെയ്യുക. മേളയ്ക്ക് ഒളിമ്പ്യന്‍ ടിന്റു ലൂക്ക ദീപം തെളിക്കും .

Top