കാബൂളില്‍ വിവാഹസ്ഥലത്ത് നടന്ന ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

കാബൂള്‍ : അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിവാഹസ്ഥലത്ത് നടന്ന ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. ഐ.എസിന്റെ മെസേജിങ് വെബ്‌സൈറ്റായ ടെലഗ്രാമില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അറിയിച്ചത്.

ശനിയാഴ്ച വിവാഹ സത്ക്കാരത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 63 പേരാണ് കൊല്ലപ്പെട്ടത്. 180ല്‍ അധികം ആളുകള്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്.

രണ്ട് ദിവസത്തിനിടെ രണ്ട് സ്‌ഫോടനമാണ് ഐഎസ് ആസൂത്രണം ചെയ്തത്. അഫ്ഗാനിസ്താനില്‍ നിന്ന് യു.എസ് സേനയെ പിന്‍വലിക്കുന്നത് സംബന്ധിച്ച് താലിബാന്‍ യു.എസുമായി കരാര്‍ ഒപ്പുവെക്കുന്നതിന് കൂടിയാലോചന നടത്തുന്നതിനിടെയാണ് ശനിയാഴ്ച രാത്രി സ്‌ഫോടനമുണ്ടാകുന്നത്. വിവാഹ വേദിയിലേക്ക് നുഴഞ്ഞ് കയറിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഷിയാ ഭൂരിപക്ഷ പ്രദേശത്തായിരുന്നു സ്‌ഫോടനം നടന്നത്.

കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമാണെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ച് 11 പേരും കൊല്ലപ്പെട്ടിരുന്നു. വാനില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്.

Top