കോവിഡ് വ്യാപനം; കോച്ചുകള്‍ വാര്‍ഡുകളാക്കി ഈസ്റ്റ് കോസ്റ്റ് റെയില്‍വേ

ഭുവനേശ്വര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോച്ചുകള്‍ നിരീക്ഷണ വാര്‍ഡുകളാക്കി ഈസ്റ്റ് കോസ്റ്റ് റെയില്‍വേ. സ്ലീപര്‍,ജനറല്‍ തുടങ്ങി കോച്ചുകളാണ് കോവിഡ് നിരീക്ഷണത്തിനും ക്വാറന്റീന്‍ സൗകര്യത്തിനുമായി വാര്‍ഡുകളാക്കിയത്.

5000 കോച്ചുകളാണ് നിരീക്ഷണ വാര്‍ഡുകളാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചത്.
വാര്‍ഡുകളാക്കി മാറ്റിയ കോച്ചുകള്‍ ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ വിവിധ സ്റ്റേഷനുകളിലായാണുള്ളത്.

മഞ്ചേശ്വര്‍ വര്‍ക്‌ഷോപ്പ് 51 കോച്ചുകളാണ് വാര്‍ഡുകളാക്കി മാറ്റിയത്. പുരി കോച്ചിങ് ഡിപ്പോ 39 കോച്ചുകളും ഭുവനേശ്വര്‍ കോച്ചിങ് ഡിപ്പോ 46 കോച്ചുകളും സമ്പല്‍പൂര്‍ ഡിപ്പോ 32 കോച്ചുകളും വാര്‍ഡുകളാക്കി മാറ്റി.

അതേസമയം,വിശാഖപട്ടണം ഡിപ്പോ 60 കോച്ചുകളും ഖുര്‍ദ റോഡ് സ്റ്റേഷന്‍ 33 കോച്ചുകളും നിരീക്ഷണത്തിനും ക്വാറന്റീനിനുമായി വാര്‍ഡുകളാക്കി മാറ്റിയിട്ടുണ്ട്. മൂന്ന് ശൗചാലയങ്ങളും ഒരു കുളിമുറിയും ഓരോ കോച്ചുകളിലും സജ്ജീകരിച്ചിട്ടുണ്ട്. മധ്യഭാഗത്തുള്ള ബെര്‍ത്ത് ഒഴിവാക്കിയാണ് വാര്‍ഡ് ഒരുക്കിയിരിക്കുന്നത്.

കിടക്ക,തലയിണ,ലാപ്‌ടോപ്പും മൊബൈലും ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം, ജനാലയില്‍ കൊതുക് വല, ബക്കറ്റ്, പാത്രങ്ങള്‍, സോപ്പുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനായി ഓക്‌സിജന്‍ സിലിണ്ടറുകളും തയാറാക്കിയിട്ടുണ്ട്. ഓരോ കോച്ചുകളുടെയും ആദ്യ കാബിനുകള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതിനും മറ്റ് കാബിനുകള്‍ രോഗികള്‍ക്കുള്ളതുമാണ്.

Top