ഭാഗ്യലക്ഷ്മിയും സംഘവും കുടുങ്ങി, മുൻകൂർ ജാമ്യം ലഭിക്കാൻ സാധ്യതയില്ല

തിരുവനന്തപുരം: ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇനി രഹന ഫാത്തിമയുടെ ഗതിയുണ്ടായേക്കും. മക്കളെ കൊണ്ട് ശരീരത്തില്‍ നഗ്ന ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് ആക്ടീവിസ്റ്റ് രഹന ഫാത്തിമക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നത്. ഒടുവില്‍ സുപ്രീം കോടതി വരെ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് അവര്‍ കീഴടങ്ങുകയാണുണ്ടായത്. ഇതേ അവസ്ഥ തന്നെയാണ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള ആക്ടീവിസ്റ്റുകളെ കാത്തിരിക്കുന്നത്. കേസ് വ്യത്യസ്തമാണെങ്കിലും ഇവര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ല. സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ യൂട്യൂബ് വിഡിയോകള്‍ പോസ്റ്റ് ചെയ്തയാളെ കൈകാര്യം ചെയ്ത സംഭവത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യൂട്യൂബ് ചാനല്‍ നടത്തുന്ന വെള്ളായണി സ്വദേശി വിജയ് പി.നായരുടെ പരാതിയിന്മേലാണ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് കേസെടുത്തിട്ടുള്ളത്.

താമസ സ്ഥലത്തേക്കു അതിക്രമിച്ചു കടന്ന ഇരുവരും തന്നെ മര്‍ദിച്ചെന്ന് വിജയ് പി.നായര്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീടു കയറി അക്രമിച്ചെന്നും മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്നുമാണു പരാതി. ദേഹോപദ്രവമേല്‍പ്പിക്കല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകളും മൂവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റെയും പ്രവര്‍ത്തിക്ക് അവര്‍ തന്നെയാണ് തെളിവുകള്‍ ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. ഇതിനാല്‍ കേസുമായി പരാതിക്കാരന്‍ മുന്നോട്ട് പോയാല്‍ ശിക്ഷയും ഉറപ്പാണ്. വീട് കയറി ആക്രമിച്ച് സാധനങ്ങള്‍ മോഷ്ടിച്ച് കൊണ്ടു പോകുക എന്നത് ഗുരുതര കുറ്റമായാണ് അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നത്. അതേ സമയം യൂട്യൂബര്‍ക്കെതിരായ പരാതിയില്‍ കേസുണ്ടെങ്കിലും കടുത്ത വകുപ്പുകള്‍ ചുമത്താന്‍ നിലവില്‍ വകുപ്പില്ല. സോഷ്യല്‍ മീഡിയക്കുള്ള സ്വാതന്ത്ര്യം ഇവിടെ വിജയ് പി.നായര്‍ക്ക് തുണയാകും.

ശനിയാഴ്ചയാണു സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാര്‍ശം നടത്തിയ വിജയ് പി.നായരെ ഇയാള്‍ താമസിക്കുന്ന സ്റ്റാച്യൂ ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി ആക്ടീവിസ്റ്റുകളുടെ സംഘം നേരിട്ടത്. ഫെയ്‌സ്ബുക്കിലൂടെ ലൈവായി വിഡിയോ കാണിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. വിജയിനെക്കൊണ്ടു പരസ്യമായി മാപ്പു പറയിപ്പിച്ച ശേഷമാണു സംഘം മടങ്ങിയിരുന്നത്.

ഇയാള്‍ക്കെതിരെ സിറ്റി പൊലീസ് കമ്മിഷണര്‍ക്കടക്കം പല തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് നേരിട്ട് ഇറങ്ങിയതെന്നും നിയമസംവിധാനത്തിന്റെ പരാജയമാണ് ഇതെന്നും മൂവരും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സൈബര്‍ നിയമം അറിയാത്തത് കൊണ്ടാണ് ഈ ആക്ഷേപമെന്നാണ് പൊലീസ് പറയുന്നത്. വലിയ പരിമിതിയാണ് ഇത്തരം സംഭവങ്ങളില്‍ പൊലീസിനുള്ളത്. അതു കൊണ്ടാണ് സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം വേണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തന്നെ സുപ്രീം കോടതിയില്‍ പറഞ്ഞിരിക്കുന്നത്. നിലവിലെ നിയമപ്രകാരമല്ലാതെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ പൊലീസിന് കഴിയുകയില്ല. കേസിന്റെ നിലനില്‍പ്പിന് പോലും യുട്യൂബിന്റെ സഹായം നിര്‍ണ്ണായകമാണ്. അത് എത്രമാത്രം ഉണ്ടാകും എന്നതിലും വ്യക്തതയില്ല. അനുഭവങ്ങള്‍ അതാണ്. ഈ ആനുകുല്യമാണ് സൈബര്‍ ക്രിമിനലുകള്‍ക്ക് പലപ്പോഴും തുണയാകുന്നത്. വ്യക്തി സ്വാതന്ത്ര്യം എന്ന വാദം ഉയര്‍ത്തിയാണ് ഈ വിഭാഗം സോഷ്യല്‍ മീഡിയകളില്‍ ഇടപെടുന്നത്.

 

അതേ സമയം പറഞ്ഞ കാര്യങ്ങളില്‍ അല്‍പം മസാല ചേര്‍ത്തതു തെറ്റായിപ്പോയെന്നും സ്ത്രീകളുടെ വികാരം മനസ്സിലാക്കുന്നെന്നും വിജയ് പി നായര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്ടീവിസ്റ്റുകള്‍ ആക്രമിച്ചപ്പോഴായിരുന്നു ഈ കുറ്റസമ്മതം. ഇതിനിടെ പരസ്യമായി യൂട്യൂബറെ ആക്രമിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമാണ്. നിയമം കയ്യിലെടുക്കാന്‍ എന്താണ് ഭാഗ്യലക്ഷ്മിക്ക് അധികാരമെന്നാണ് ഉയര്‍ന്നു വരുന്ന ചോദ്യം. ഇത്തരം ആക്ടീവിസത്തെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നാണ് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

പൊലീസ് ഭാഗ്യലക്ഷ്മിയെയും സംഘത്തെയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരന്റെ തീരുമാനമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

Latest video :

 

 

 

 

Top