ലണ്ടന്‍: റഷ്യന്‍ ചാരസംഘടനയായ എഫ്.എസ്.ബി (ഫെഡറല്‍ സെക്യൂരിറ്റി ഫോഴ്‌സ്) മുന്‍ അംഗത്തെ വധിയ്ക്കാന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അനുമതി നല്‍കിയതായി ആരോപണം.
ബ്രിട്ടനിലേയ്ക്ക് കടന്ന മുന്‍ ചാരന്‍ അലക്‌സാണ്ടര്‍ ലിറ്റ്‌വിനെങ്കോയെ വധിയ്ക്കാനാണ് എഫ്.എസ്.ബിയ്ക്ക് പുടിന്‍ അനുമതി നല്‍കിയതെന്ന് ഒരു ബ്രിട്ടീഷ് ജഡ്ജി റോബര്‍ട്ട് ഓവന്റെ ആരോപണം.
2006 നവംബറില്‍ ലണ്ടനിലെ ഹോട്ടലില്‍ ലിറ്റ്‌വിനെങ്കോയ്ക്ക് ചായയില്‍ വിഷം കലക്കി നല്‍കിയതായാണ് ജസ്റ്റിസ് റോബര്‍ട്ട് ഓവന്‍ പറയുന്നത്. പൊളോണിയമാണ് ചായയില്‍ ചേര്‍ത്തത്.
ഇതേ തുടര്‍ന്ന് ലിറ്റ്‌വിനെങ്കോ മരിയ്ക്കുകയായിരുന്നു. എഫ്.എസ്.ബിയ്ക്കും പുടിനുമെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് 2000ലാണ് ലിറ്റ്‌വിനെങ്കോ ബ്രിട്ടനിലേയ്ക്ക് കടന്നത്.
റഷ്യയിലെ കുറ്റകൃത്യങ്ങളിലും മാഫിയ പ്രവര്‍ത്തനങ്ങളിലും പുടിന് വ്യക്തമായ പങ്കുണ്ടെന്ന് ലിറ്റ്‌വിനെങ്കോ ആരോപിച്ചിരുന്നു. അതേ സമയം ലിറ്റ്‌വിനെങ്കോയുടെ മരണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ് റഷ്യയുടെ വാദം.


