2036ലെ ഒളിംപിക്‌സിനായി 6,000 കോടി രൂപ മാറ്റിവെച്ച് ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: 2036ലെ ഒളിംപിക്‌സിനായി 6,000 കോടി രൂപ മാറ്റിവെച്ച് ഗുജറാത്ത് സര്‍ക്കാര്‍. സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുടെ രൂപീകരണത്തിനായി പ്രത്യേക കമ്പനിയും ഗുജറാത്ത് സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഒളിംപിക്‌സ് വേദിക്കായി ഇന്ത്യ അയച്ച അപേക്ഷ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കര്‍ ഉള്‍പ്പടെയുള്ളത്. ഗുജറാത്ത് ഒളിംപിക് പ്ലാനിംഗ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്.

മൊട്ടോരയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌പോര്‍ട്‌സ് എന്‍ക്ലേവിനടുത്ത് 350 ഏക്കര്‍ ഭൂമിയിലാണ് പുതിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ വരുക. കഴിഞ്ഞ ഒക്ടോബറിലാണ് 2036 ഒളിംപിക്‌സിനായി അപേക്ഷ സമര്‍പ്പിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനം എടുത്തത്.

ഒളിംപിക്‌സ് കായിക മാമാങ്കത്തിനായി ആറ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മിക്കാനാണ് ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം. ഗാന്ധിനഗറില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വൈബ്രന്റ് ഗുജറാത്ത് ട്രേഡ് ഷോ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന്റെ പവലിയന്‍ നിര്‍മ്മിച്ചത് ഗുജറാത്ത് ഒളിംപിക് പ്ലാനിംഗ് കമ്പനിയാണ്.

Top