സൗഹൃദം നടിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്, 60 കാരിക്ക് നഷ്ടമായത് 3.98 കോടി രൂപ

പൂനെ: മഹാരാഷ്ട്രയില്‍ സമൂഹമാധ്യമം വഴിയുളള തട്ടിപ്പിലൂടെ സ്വകാര്യ സ്ഥാപനത്തിലെ സീനിയര്‍ എക്‌സിക്യൂട്ടീവിന് നഷ്ടമായത് 3.98 കോടി രൂപ. 60 കാരിയായ ഇവരുടെ ബാങ്ക് അക്കൗണ്ട് വഴി 207 തവണകളായാണ് പണം തട്ടിയെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവിധ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്.

ഏപ്രില്‍ 2020 ന് സോഷ്യല്‍ മീഡിയയില്‍ സ്ത്രീക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. അഞ്ച് മാസത്തോളം എടുത്ത് പരസ്പരം സംസാരിക്കുകയും സൗഹൃദം ഉറപ്പിക്കുകയും ചെയ്ത ശേഷം പിറന്നാള്‍ സമ്മാനമായി ഒരു ഐഫോണ്‍ അയക്കുന്നതായി അറിയിച്ചു.

സെപ്തംബറില്‍ സമ്മാനത്തിന്റെ കസ്റ്റംസ് ക്ലിയറന്‍സിന് ദില്ലിയില്‍ പണം നല്‍കണമെന്ന് സ്ത്രീയോട് ആവശ്യപ്പെട്ട് വന്‍ തുക കൈപ്പറ്റി. പല തവണയായി കൊറിയര്‍ ഏജന്‍സിയില്‍ നിന്നെന്നും കസ്റ്റം ഉദ്യോഗസ്ഥരെന്നുമെല്ലാം പറഞ്ഞ് പണം തട്ടിയെടുത്തു. ബ്രിട്ടനില്‍ നിന്ന് എത്തിയ പാര്‍സലില്‍ ആഭരണങ്ങളും വിദേശ കറന്‍സിയുമുണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയിരുന്നത്.

2020 സെപ്റ്റംബര്‍ ആയതോടെ സ്ത്രീക്ക് 3,98,75,500 രൂപ നഷ്ടമായി. ഇതോടെ ഇവര്‍ സൈബര്‍ സെല്ലിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

Top