ആറുവയസ്സുകാരനെ കഴുത്തറുത്ത് കൊന്നത് ദൈവകല്‍പ്പന പ്രകാരമെന്ന് അമ്മ

പാലക്കാട്: ആറുവയസ്സുകാരനെ കഴുത്തറുത്ത് കൊന്നത് ദൈവകല്‍പ്പന പ്രകാരമെന്ന് കുട്ടിയുടെ അമ്മ ഷാഹിദ. പൂളക്കാട് സ്വദേശിയായ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഷാഹിദക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ദൈവകല്‍പ്പന പ്രകാരമാണ് താന്‍ മകനെ കൊലപ്പെടുത്തിയതെന്നാണ് ഷാഹിദ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തിലടക്കം വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ നാലുമണിയോടെയാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ഒപ്പം കിടന്നുറങ്ങിയ ആറുവയസ്സുകാരന്‍ ആമിലിനെയാണ് അമ്മ ഷാഹിദ കുളിമുറിയിലെത്തിച്ച് കഴുത്തറുത്ത് കൊന്നത്. തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങിയ ഭര്‍ത്താവും മറ്റു രണ്ട് മക്കളും സംഭവം അറിഞ്ഞിരുന്നില്ല. കൃത്യത്തിന് ശേഷം പുറത്തിറങ്ങിയ ഷാഹിദ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് മകനെ കൊലപ്പെടുത്തിയെന്ന വിവരമറിയിച്ചു. പൊലീസെത്തുമ്പോള്‍ വീടിന് പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു ഇവര്‍.

ദൈവകല്‍പ്പന പ്രകാരമാണ് കൃത്യം ചെയ്തതെന്ന് ഷാഹിദ പൊലീസിനോട് പറഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് പൊലീസ്. വിദേശത്തായിരുന്ന ഇവരുടെ ഭര്‍ത്താവ് നാട്ടിലെത്തി, ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കുടുംബപ്രശ്‌നങ്ങളും ഇവരെ അലട്ടിയിരുന്നതായി നാട്ടുകാരും പറയുന്നു. പൊലീസ് മേധാവിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി വിശദ പരിശോധന നടത്തി.

 

Top