യുപിയില്‍ ആറു വയസ്സുകാരിക്ക് പീഡനം; സ്വകാര്യ ഭാഗങ്ങള്‍ വികൃതമാക്കി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കി. ഹാപുരിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

വ്യാഴാഴ്ചയാണ് സംഭവം. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ബൈക്കിലെത്തിയ ഒരാള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും പ്രദേശവാസികളും തെരച്ചില്‍ നടത്തി. തുടര്‍ന്ന് കോട്ട്വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

പിന്നീട് വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു കുട്ടി. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും മീററ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കുട്ടിയെ മാറ്റി.

കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്നും കുട്ടിയുടെ സ്വകാര്യഭാഗങ്ങള്‍ പ്രതി വികൃതമാക്കിയെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പ്രതിയെ കണ്ടെത്താന്‍ എട്ടംഗ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Top