ഒമാനില്‍ കുടിവെള്ള പൈപ്പില്‍ വെള്ളം കയറി മരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരെന്ന് സ്ഥിരീകരിച്ചു

മസ്‌ക്കറ്റ് : ഒമാനിലെ മസ്‌ക്കറ്റില്‍ ഞായറാഴ്ച്ച പെയ്ത മഴയെ തുടര്‍ന്ന് കനത്ത നാശനഷ്ടം. കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി മരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. ഒമാനിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇവരില്‍ മലയാളികള്‍ ഉണ്ടോ എന്നതില്‍ സ്ഥിരീകരണമില്ല.

മസ്‌ക്കറ്റിലെ സീബ് പ്രദേശത്തെ നിര്‍മ്മാണ സൈറ്റിലാണ് ദുരന്തം നടന്നിരിക്കുന്നത്. ആറു പേരും പൈപ്പ് നിര്‍മ്മാണ തൊഴിലാളികളാണ്. ഭൂമിക്കടിയില്‍ 14 മീറ്റര്‍ താഴ്ച്ചയില്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്ന ഭാഗത്താണ് ഇവര്‍ ജോലി ചെയ്തിരുന്നത്. 12 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘നവംബര്‍ പത്തിന് മസ്‌ക്കറ്റിലെ സ്വീബ് പ്രദേശത്തുണ്ടായ ശക്തമായ മഴയില്‍ ഇന്ത്യന്‍ പൗരന്മാരെന്ന് കരുതപ്പെടുന്ന ആറു തൊഴിലാളികള്‍ മരിച്ച സംഭവം വളരെ ദു:ഖമുണ്ടാക്കുന്നതാണ്’ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തിന്റെ കൃത്യമായ വശങ്ങള്‍ ലഭ്യമാക്കുവാനും മരിച്ചവരുടെ മുഴുവന്‍ വ്യക്തി വിവരങ്ങള്‍ സ്ഥിരീകരിക്കുവാനും ഒമാന്‍ ഔദ്യോഗിക വൃത്തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി.

അപകടത്തില്‍പെട്ടവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായും സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ തയ്യാറാണെന്നും എംബസി ട്വീറ്റില്‍ പറയുന്നു.

Top