കുട്ടികളുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ബന്ധുക്കള്‍; മൃതദേഹം പുറത്തെടുക്കാന്‍ പൊലീസിന്റെ നീക്കം

തിരൂര്‍(മലപ്പുറം): തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ദമ്പതികളുടെ ആറ് കുട്ടികള്‍ തുടര്‍ച്ചയായി മരിച്ചതില്‍ ദുരൂഹതയില്ലെന്ന് ബന്ധുക്കള്‍. കുട്ടികളുടെ മരണകാരണം അപസ്മാരമാണെന്നും വിദഗ്ധ ഡോക്ടര്‍മാരെ കണ്ട് ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കബറടക്കിയ മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ഇന്ന് തന്നെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ഇതിനായുള്ള നടപടിക്രമങ്ങള്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.

തിരൂര്‍ ചെമ്പ റോഡില്‍ തറമ്മല്‍ റഫീഖ് സബ്ന ദമ്പതിമാരുടെ 6 മക്കളാണ് മരിച്ചത്. ഏറ്റവുമൊടുവില്‍ ഇന്ന് പുലര്‍ച്ചെ ദമ്പതികളുടെ ദിവസങ്ങള്‍ മാത്രം പ്രായമായ ആണ്‍കുഞ്ഞും മരിച്ചതോടെയാണ് ദുരൂഹത ഉയര്‍ന്നത്. ഇതില്‍ മൂന്നാമത്തെ കുട്ടിയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കുമറിയാം. ഈ കുട്ടിയെ പലയിടത്തെ ആശുപത്രികളിലും ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ഈ കുട്ടിയും പിന്നീട് മരണപ്പെട്ടു.

മരിച്ചതില്‍ ആറില്‍ അഞ്ച് കുട്ടികളും ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴാണ് മരിച്ചത് മാത്രമല്ല മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാതെയാണ് സംസ്‌കരിച്ചത് എന്നതാണ് നാട്ടുകാരില്‍ സംശയമുണര്‍ത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. എന്നാല്‍ ആറാമത്തെ കുഞ്ഞിന്റെ മരണത്തിലും അസ്വാഭാവികതയൊന്നുമില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. രാത്രി നിര്‍ത്താതെ കരയുകയും അസ്വസ്ഥകള്‍ പ്രകടിപ്പിക്കുകയും ചെയ്ത കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Top