സംസ്ഥാനത്തിന് 6.06 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ഇന്ന് 3.14 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തിന് 6,05,680 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,09,400 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 96,280 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,72,480, എറണാകുളം 2,00,530, കോഴിക്കോട് 1,36,390 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 32,600, എറണാകുളം 37,900, കോഴിക്കോട് 25,780 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണെത്തിയത്. ഇതുകൂടാതെ കെ.എം.എസ്.സി.എല്‍. മുഖേന സംസ്ഥാനം വാങ്ങിയ 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും ലഭ്യമായിട്ടുണ്ട്.

വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 3,13,868 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 1,143 സര്‍ക്കാര്‍ കേന്ദ്രങ്ങളും 376 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1519 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,65,82,188 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,95,36,461 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 70,45,727 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷന്‍ അനുസരിച്ച് 55.19 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.90 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 68.07 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 24.55 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

Top