കോഴിക്കോട് ഷോപ്പിംഗ് മാളില്‍ അഞ്ചുവയസ്സുകാരിയെ മറന്നു; കുട്ടിയെ മറന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞില്ല !

കോഴിക്കോട്: ഷോപ്പിങ് കഴിഞ്ഞുമടങ്ങിയ കുടുംബം അഞ്ചുവയസ്സുകാരിയെ മാളില്‍ മറന്നു. ശനിയാഴ്ച രാത്രി ഹൈലൈറ്റ് മാളിലാണ് സംഭവം. മാള്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്.

ബന്ധുവിന്റെ കല്യാണത്തിന് വസ്ത്രങ്ങള്‍ എടുക്കാന്‍ പിതാവിന്റെ സഹോദരിയോടൊപ്പമാണ് കുട്ടി മാളിലെത്തിയത്. കുട്ടിയുടെ മാതാവ് വീട്ടിലായിരുന്നു. രാത്രി മാള്‍ അടയ്ക്കുമ്പോഴാണ് ജീവനക്കാര്‍ കുട്ടിയെ മാളില്‍ കണ്ടത്. തുടര്‍ന്ന് സുരക്ഷാജീവനക്കാര്‍ വനിതാ ഹെല്‍പ്പ് ലൈനില്‍ അറിയിച്ചു. പൊലീസെത്തി വിവരം അന്വേഷിച്ചപ്പോള്‍ കുട്ടിക്ക് സ്‌കൂളിന്റെ പേരുമാത്രമേ അറിയുകയുണ്ടായിരുന്നുള്ളൂ.

തുടര്‍ന്ന് വിവിധ പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടു. ഒടുവില്‍ കുറ്റ്യാടി എസ്.ഐ. സ്‌കൂളിലെ അധ്യാപകര്‍ വഴി കുട്ടിയുടെ പിതാവിന്റെ ജ്യേഷ്ഠന്റെ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ചു. പൊലീസ് വിളിച്ചപ്പോഴാണ് കുട്ടി കൂടെ ഇല്ലാത്ത വിവരം ബന്ധുക്കള്‍ അറിഞ്ഞത്. കാറിലുണ്ടാകുമെന്നായിരുന്നു ബന്ധുക്കളുടെ ധാരണ. പുലര്‍ച്ചെ 2 മണിയോടെ ബന്ധുക്കളും മാതാവുമെത്തി കുട്ടിയെ വനിതാ സ്‌റ്റേഷനില്‍ നിന്ന് തിരിച്ചുകൊണ്ടുപോയി.

Top