ഒക്ടോബര്‍ ഒന്നുമുതല്‍ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങൾ ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കും. സേവനങ്ങളുടെ ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ‘ഇന്ത്യ മൊബൈൽ കോൺഗ്രസിൽ’ നിർവഹിക്കും. ടെലികമ്മ്യൂണിക്കേഷൻസ് ഡിപാര്‍ട്ട്മെന്‍റും, സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഇന്ത്യ മൊബൈൽ കോൺഗ്രസ്’ ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്നോളജി ഫോറമാണ്. ഇവിടെ വെച്ചാകും 5ജി പ്രഖ്യാപനം നടക്കുക.

രാജ്യത്ത് 5ജി സേവനം ആരംഭിക്കുമെന്ന് സ്വാതന്ത്രൃ ദിനത്തില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള ടെലികോം സേവനങ്ങളേക്കാള്‍ പത്ത് മടങ്ങ് വേഗതയുള്ളതായിരിക്കും 5ജി സേവനമെന്നും മോദി വ്യക്തമാക്കി. ഒപ്റ്റിക്കല്‍ ഫൈബര്‍ സേവനങ്ങള്‍ ഗ്രാമങ്ങളില്‍ എത്തുമെന്നും ഇന്‍റര്‍നെറ്റ് സേവനം എല്ലാ മുക്കിലും മൂലയിലും ലഭിക്കുമെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഐ.ടി വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവും ഒക്ടോബറില്‍ 5ജി സര്‍വീസുകള്‍ ആരംഭിക്കുമെന്ന സൂചന നല്‍കിയിരുന്നു. 5ജിയുടെ പ്രഖ്യാപനത്തിന് ശേഷം സര്‍വീസുകളുടെ പരിധി ഉയര്‍ത്തുമെന്നും മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

Top