5ജി സേവനം ഒക്ടോബര്‍ 12 മുതല്‍; അശ്വനി വൈഷ്ണവ്

ഡൽഹി: രാജ്യത്ത് 5 ജി സേവനം ഒക്ടോബർ 12 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ്. ആദ്യഘട്ടങ്ങളിൽ നഗരങ്ങളിലാവും സേവനം ലഭ്യമാവുകയെന്നും അദ്ദേഹം പറഞ്ഞു.

5ജി സേവനങ്ങൾ അതിവേഗം പുറത്തിറക്കാൻ സർക്കാർ പദ്ധതിയിടുന്നത്. ഒക്ടോബർ 12 മുതൽ 5ജി സേവനങ്ങൾ ആരംഭിക്കും. ടെലികോം കമ്പനികൾ ഇതിന്റെ സാങ്കേതിക നടപടികൾ പൂർത്തിയാക്കിയതായി മന്ത്രി പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനിടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. മൂന്ന് വർഷത്തിനകം ആളുകൾക്ക് താങ്ങാവുന്ന നിലയിൽ സേവനം എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞമാസമാണ് 5ജി ലേലമടക്കമുള്ള നടപടികൾ പൂർത്തിയാക്കിയത്. ആദ്യഘട്ടങ്ങളിൽ നഗരങ്ങളിലും പിന്നീട് പദ്ധതി ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ പരിപാടി.

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ആദാനി എന്റർപ്രൈസസ് തുടങ്ങിയ സ്ഥാപനങ്ങളാണ് ലേലത്തിൽ പങ്കെടുത്തത്.

72097.85 മെഗാഹെർട്‌സ് സ്‌പെക്ട്രം ആണ് ലേലത്തിന് വെച്ചത്. 20 കൊല്ലത്തേക്കാണ് സ്‌പെക്ട്രംനൽകുക. 600 മെഗാഹെർട്‌സ്, 700 മെഗാഹെർട്‌സ്, 800 മെഗാഹെർട്‌സ്, 900 മെഗാഹെർട്‌സ്, 1800 മെഗാഹെർട്‌സ്, 2100 മെഗാഹെർട്‌സ്, 2300 മെഗാഹെർട്‌സ് തുടങ്ങിയ ലോ ഫ്രീക്വൻസികൾക്കും, 3300 മെഗാഹെർട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വൻസിക്കും 26 ഗിഗാഹെർട്‌സ്) ഹൈ റേഞ്ച് ഫ്രീക്വൻസി ബാൻഡിനും വേണ്ടിയുള്ള ലേലമാണ് നടന്നത്.

Top