ഡിസംബര്‍ മുതല്‍ ഐഫോണുകളില്‍ 5ജി സേവനങ്ങള്‍

ഫോണുകളില്‍ 5ജി സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ ഡിസംബറില്‍ ലഭ്യമാകുമെന്ന് ആപ്പിള്‍. രാജ്യത്ത് 5ജി സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആപ്പിള്‍, സാംസങ്, മറ്റു സ്മാര്‍ട്ട്ഫോണ്‍ കമ്പനികളുമായി കൂടിക്കാഴ്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെയാണ് ആപ്പിളിന്റെ പ്രസ്താവന.

“ഉപയോക്താക്കള്‍ക്ക് മികച്ചൊരു 5ജി അനുഭവം ലഭ്യമാക്കുന്നതിനായുള്ള ശ്രമത്തിലാണ്. ഇന്ത്യയിലെ ടെലികോം പങ്കാളികളുമായി ചേര്‍ന്നുള്ള നെറ്റ്‌വര്‍ക്ക് ഗുണനിലവാര പരിശോധനകള്‍ പൂര്‍ത്തിയായാലുടന്‍ ഇത് യാഥാര്‍ഥ്യമാകും. ഒരു സോഫ്‌റ്റ്‌വെയര്‍ അപ്‌ഡേറ്റ് വഴിയാകും 5ജി സേവനങ്ങള്‍ ഉപയോക്താക്കളിലേക്കെത്തുക. ഈ അപ്ഡേറ്റ് ഡിസംബറില്‍ ഉണ്ടാകും,” ആപ്പിള്‍ തങ്ങളുടെ പ്രസ്താവനയില്‍ പറഞ്ഞു.

ഉപയോക്താക്കളുടെ ആസ്വാദനുഭവത്തെ സംബന്ധിച്ചിടത്തോളം ആപ്പിള്‍ പൊതുവെ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാറില്ല, അതിനാലായിരിക്കണം ഈ പരിശോധനകള്‍ക്ക് സമയമെടുക്കുന്നത്.

നിലവില്‍, ആപ്പിളിന്റെ ഐഫോണ്‍ 14, ഐഫോണ്‍ 13, ഐഫോണ്‍ 12 സീരീസ് ഫോണുകളും ഐഫോണ്‍ എസ് ഇ മോഡലുകളും 5 ജി സപ്പോര്‍ട്ട് ചെയ്യുന്നവയാണ്. ഡിസംബറില്‍ ഈ മോഡലുകളില്‍ സോഫ്‌റ്റ്‌വെയര്‍ അപ്‌ഡേറ്റ് ലഭ്യമാകും.

ഒക്‌ടോബര്‍ ഒന്നുമുതലാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയത്. പല ടെലികോം കമ്പനികളും തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഈ സേവനങ്ങള്‍ പരീക്ഷിച്ചുവരികയാണ്.

Top