ഇന്ത്യയില്‍ 5ജി ഈ വര്‍ഷം തന്നെ; ലേലത്തിന് കേന്ദ്രാനുമതി

ന്ത്യ പുതിയ തലമുറ നെറ്റ്വർക്കായ 5ജിയിലേക്ക് സുപ്രധാനമായ ഒരു ചുവട് കൂടി വച്ചിരിക്കുന്നു. 5ജി സ്പെക്ട്രം ലേലത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 5ജി ലേലത്തിനുള്ള സ്പെക്ട്രം വിലനിർണ്ണയത്തിന് അംഗീകാരം നൽകിയത്.

ഈ വർഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിച്ചേക്കും. 5ജി സ്‌പെക്ട്രം ലേലം നടത്താൻ സർക്കാർ അനുമതി നൽകി. 72097.85 മെഗാഹെർട്‌സ് സ്‌പെക്ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്‌പെക്ട്രംനൽകുന്നത്. ജൂലായ് അവസാനത്തോടെ ലേലം നടപടികൾ പൂർത്തിയാകും.

ലേലം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. റിലയൻസ് ജിയോയും, ഭാരതി എയർടെലും, വോഡഫോൺ ഐഡിയയും ആദ്യ ഘട്ട 5ജി വിന്യാസത്തിനായി തയ്യാറെടുത്തിട്ടുണ്ട്. നിലവിലുള്ള 4ജിയേക്കാൾ പത്തിരട്ടി വേഗമാണ് 5ജി വാഗ്ദാനം ചെയ്യുക.

വിദേശ രാജ്യങ്ങളിൽ പലരും നേരത്തെ തന്നെ 5ജി ഉപയോഗത്തിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ലേലം നടപടികൾ പൂർത്തിയാക്കാതിരുന്നതുകൊണ്ട് ഇന്ത്യയിൽ 5ജി വിന്യസിക്കാൻ സാധിച്ചിരുന്നില്ല. ലേലം ഈ വർഷം നടക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ലേല തീയ്യതി വ്യക്തമാക്കിയിരുന്നില്ല.

600 മെഗാഹെർട്‌സ്, 700 മെഗാഹെർട്‌സ്, 800 മെഗാഹെർട്‌സ്, 900 മെഗാഹെർട്‌സ്, 1800 മെഗാഹെർട്‌സ്, 2100 മെഗാഹെർട്‌സ്, 2300 മെഗാഹെർട്‌സ് തുടങ്ങിയ ലോ ഫ്രീക്വൻസികൾക്കും, 3300 മെഗാഹെർട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വൻസിക്കും 26 ഗിഗാഹെർട്‌സ്) ഹൈ റേഞ്ച് ഫ്രീക്വൻസി ബാൻഡിനും വേണ്ടിയുള്ള ലേലമാണ് നടക്കുക. ഇതിൽ മെഡി റേഞ്ച്, ഹൈ റേഞ്ച് ബാൻഡ് സ്‌പെക്ട്രം ആയിരിക്കും ടെലികോം സേവനദാതാക്കൾ 5ജി വിന്യാസത്തിനായി ഉപയോഗിക്കുക. പത്ത് വർഷത്തിന് ശേഷം കമ്പനികൾക്ക് ആവശ്യമെങ്കിൽ സ്പെക്ട്രം സറണ്ടർ ചെയ്യാം.

മൊബൈൽ ഫോൺ വിപണിയിൽ ഇതിനകം 5ജി ഫോണുകൾ സജീവമാണ്. 5ജി പുതിയ തൊഴിൽ സാധ്യതകൾ തുറക്കുമെന്നും സാങ്കേതികവിദ്യാ രംഗത്ത് പുതുവിപ്ലവത്തിന് വഴിവെക്കുമെന്നുമാണ് പ്രവചനങ്ങൾ.

Top