അടുത്ത വർഷം രാജ്യത്ത് 5ജി, ബി എസ് എൻ എൽ 4ജി എന്ന് വരുമെന്ന് ഉപഭോക്താക്കൾ

ബിഎസ്എൻഎല്‍ 4 ജി എന്നു വരും? എന്തായാലും താമസിക്കുമെന്നുറപ്പ്. 4ജി സാങ്കേതിക വിദ്യ പരീക്ഷിച്ച് ഉറപ്പാക്കാൻ (പ്രൂഫ് ഓഫ് കോൺസെപ്റ്റ്) ഇന്ത്യൻ കമ്പനികൾക്ക് ബിഎസ്എൻഎൽ നൽകിയ അവസാന തീയതി ഡിസംബർ 31 വരെയാക്കി ദീർഘിപ്പിച്ചു. നേരത്തെ ഇത് ഒക്ടോബർ 31 ആയിരുന്നു. ഏതായാലും ഇനി ഒരു മാസം കൂടി തദ്ദേശ കമ്പനികൾക്ക് തങ്ങളുടെ ഉപകരണങ്ങൾ പരീക്ഷിക്കാനുള്ള സമയം ലഭിക്കും. പക്ഷേ ഇപ്പോൾത്തന്നെ ഒന്നര വര്‍ഷത്തോളം വൈകിയ ബിഎസ്എൻഎൽ 4ജി ഇനിയും വൈകുമെന്നുറപ്പ്. 2022 ഡിസംബറിൽ 4ജി രാജ്യവ്യാപകമായി എത്തിക്കാം എന്ന കണക്കു കൂട്ടലാണ് ഇപ്പോഴുള്ളത്. ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്എഫ്സിഎൽ, എൽആൻഡ്ടി, ഐടിഐ കമ്പനികൾക്കാണ് നിലവിൽ 4ജി നെറ്റ്‌വർക് ഉപകരണങ്ങൾ ഘടിപ്പിക്കാനുള്ള താൽപര്യപത്രം നൽകിയിട്ടുള്ളത്.

4ജി നെറ്റ്‌വർക്ക് വഴി ലഭിക്കേണ്ട കുതിപ്പ് ബിഎസ്എൻഎല്ലിന് ഇപ്പോൾത്തന്നെ നഷ്ടപ്പെട്ടു. മറ്റ് ടെലികോം കമ്പനികൾ എല്ലാം 4ജി അവതരിപ്പിച്ചപ്പോള്‍ ബിഎസ്എൻഎൽ ഇപ്പോഴും രാജ്യവ്യാപകമായി 3ജി നെറ്റ്‌വർക്ക് ആണു നൽകുന്നത്. 4ജി നെറ്റ്‌വർക്ക് വേഗത്തിൽ രാജ്യവ്യാപകമായി നൽകണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടനകൾ സമരങ്ങളും നടത്തിയിരുന്നു. ബിഎസ്എൻഎൽ പുനരുദ്ധാരണ പാക്കേജിലെ പ്രധാന നടപടിയായിരുന്നു 4ജി നെറ്റ്‌വർക്ക് രാജ്യവ്യാപകമാക്കുക എന്നത്. എന്നാൽ ഇതു വരെ അതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടില്ല. എന്തിനാണ് ഇനി 4ജി നൽകുന്നത് എന്ന് ഒരു കേസിന്റെ വാദത്തിന് ഇടയിൽ ഹിമാചൽപ്രദേശ് ഹൈക്കോടതി ബിഎസ്എൻഎല്ലിനോടു ചോദിക്കുകയും ചെയ്തിരുന്നു.

അടുത്ത വർഷം 5ജി നെറ്റ്‌വർക്ക് രാജ്യത്ത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയർടെൽ അടക്കമുള്ള കമ്പനികൾ 5ജി റോൾഔട്ടിനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ്. 5ജി നെറ്റ്‌വർക്ക് കൂടി ഉപയോഗിക്കാവുന്ന മൊബൈൽ ഹാൻഡ് സെറ്റുകൾ വിപണിയിൽ സുലഭമാവുകയും ചെയ്തു. ഈ സ്ഥിതിയിലാണ് അടുത്ത വര്‍ഷം 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാമെന്ന ബിഎസ്എൻഎല്ലിന്റെ മെല്ലപ്പോക്ക് ചർച്ചയാകുന്നത്.

Top