5ജി ലേലം: 14000 കോടി രൂപ കെട്ടിവെച്ച് അംബാനി

5G സ്പെക്ട്രം ലേലത്തിനായി മുകേഷ് അംബാനി കെട്ടിവെച്ചത് 14,000 കോടി രൂപ. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ആണ് 5 ജി ലേലത്തിൽ പങ്കെടുക്കുന്നത്. അതേസമയം ടെലികോം രംഗത്തേക്ക് പ്രവേശനം പ്രഖ്യാപിച്ച അദാനിഗ്രൂപ്പ് 100 കോടിയാണ് കെട്ടിവെച്ചത്.

ലേലത്തിൽ പങ്കെടുക്കാനായി അപേക്ഷിക്കേണ്ട അവസാന ദിവസമാണ് അദാനി ഗ്രൂപ്പ് അപേക്ഷ നൽകുന്നത്. ലേലത്തിൽ പങ്കെടുക്കുന്നവരുടെ ഔദ്യോഗിക പട്ടിക ടെലികോം മന്ത്രാലയം പുറത്തുവിട്ടിരുന്നു. അദാനി ഡാറ്റ നെറ്റ്‌വർക്ക് ലിമിറ്റഡ്, റിലയൻസ് ജിയോ ഇൻഫോകോം, വോഡഫോൺ ഐഡിയ ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ് എന്നിവയാണ് ലേലത്തിൽ പങ്കെടുക്കുന്ന ഭീമന്മാർ. കുറഞ്ഞത് 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 72,097.85 മെഗാഹെർട്‌സ് സ്‌പെക്‌ട്രം ലേലത്തിൽ വില്പനയ്ക്കുണ്ടാകും. ലേലത്തിന് മുൻപ് കമ്പനികൾ കെട്ടിവെക്കുന്ന തുക, ലേലത്തിൽ എത്ര എയർവേവുകൾക്ക് ലേലം വിളിക്കാമെന്ന് നിർണ്ണയിക്കുന്നു.

Top