നിലമ്പൂരില്‍ തണ്ണിമത്തന്‍ ലോറിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍

Ganja hunt

മലപ്പുറം: തണ്ണിമത്തന്‍ ലോറിയില്‍ നിന്ന് 58.5 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. ലോറി ഡ്രൈവര്‍മാരായ വയനാട് വൈത്തിരി പന്തിപ്പൊയില്‍കൂനന്‍ കരിയാട് വീട്ടില്‍ ഹാഫീസ് (29), കോഴിക്കോട് നരിക്കുനി പാലങ്ങാട് വൈലാങ്കര വീട്ടില്‍ സഫ്തര്‍ ഹാഷ്മി (26) എന്നിവരാണ് നിലമ്പൂര്‍ എക്‌സൈസിന്റെ പിടിയിലായത്.

മൈസൂരില്‍ നിന്നും തണ്ണിമത്തന്‍ കൊണ്ടുവരികയായിരുന്ന ലോറിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ലോറിയില്‍ ഡ്രൈവര്‍ ക്യാബിനുള്ളില്‍ ഒരു ചാക്കിലും ക്യാബിന് മുകളില്‍ ടാര്‍പായ കൊണ്ട് മൂടിയ നിലയില്‍ മറ്റൊരു ചാക്കിലുമായി ബോള്‍ രൂപത്തിലുള്ള 27 പായ്ക്കറ്റുകളിലായായിരുന്നു കഞ്ചാവ് .

നാടുകാണിച്ചുരം വഴി നിലമ്പൂരില്‍ എത്താനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ റോഡില്‍ പരിശോധന കര്‍ശനമാണെന്ന വിവരത്തെത്തുടര്‍ന്ന് താമരശ്ശേരി ചുരംവഴി നിലമ്പൂരിലേക്ക് എത്തുകയായിരുന്നു. കോഴിക്കോട് വട്ടോളി സ്വദേശി അമ്പുവാണ് പ്രധാന കണ്ണിയെന്നും മുപ്പതിനായിരം രൂപ ഇതിന് പ്രതിഫലമായി തങ്ങള്‍ക്ക് വാഗ്ദാനംചെയ്തിരുന്നൂവെന്നും പ്രതികള്‍ മൊഴി നല്‍കി.

ജില്ലയില്‍ ഇത്രയധികം കഞ്ചാവ് പിടികൂടുന്നത് ആദ്യമാണ്. വിപണിയില്‍ ഇവയ്ക്ക് 30 ലക്ഷത്തോളം വില വരുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ നിലമ്പൂരിലെത്തി അന്വേഷണം ഊര്‍ജിതമാക്കി. കോവിഡ് പരിശോധനകള്‍ക്കുശേഷം പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

Top