ഓൺലൈൻ ചൂതാട്ടത്തിൽ 58 കോടി നഷ്ടമായി; പരാതിയുമായി നാഗ്‌‍പുർ സ്വദേശിയായ വ്യവസായി

നാഗ്‌പുർ : ഓൺലൈൻ ചൂതാട്ടത്തിലൂടെ വ്യവസായിക്ക് നഷ്ടപ്പെട്ടത് 58 കോടി രൂപ. നാഗ്‌പുർ സ്വദേശിയായ വ്യവസായിയാണ് വാതുവയ്പ്പുകാരന്റെ തട്ടിപ്പിന് ഇരയായത്. 5 കോടി നേടിയതിനു പിന്നാലെയാണ് വൻതുക നഷ്ടമായത്. വ്യവസായിയുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ 14 കോടി രൂപയും 4 കിലോ സ്വർണ ബിസ്‌ക്കറ്റുകളും വീണ്ടെടുത്തു.

സോന്തു നവരത്നൻ ജെയിൻ എന്ന വാതുവയ്പ്പുകാരന്റെ വീട്ടിൽ നിന്നാണ് പണവും സ്വർണവും കണ്ടെത്തിയത്. ഗോൻഡിയയിലുള്ള വസതിയിൽ പൊലീസ് റെയ്‌ഡിന് എത്തുന്നതറിഞ്ഞ് ഇയാൾ കടന്നുകളഞ്ഞു. ദുബായിലേക്ക് നാട്ടുവിട്ടതായാണ് സംശയം. ‘‘അന്വേഷണത്തിൽ ഇയാൾ വ്യവസായിയെ കബളിപ്പിക്കുകയായിരുന്നുവെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ട്. ചൂതാട്ടത്തിലൂടെ വൻ ലാഭമുണ്ടാക്കാനാകുമെന്ന് വ്യവസായിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇതിന് വ്യവസായി വഴങ്ങാതായതോടെ വീണ്ടും പ്രേരിപ്പിച്ച് ഹവാല ഇടപാടുകാരൻ മുഖേന എട്ടുകോടി കൈമാറുകയായിരുന്നു’’– നാഗ്‌പുർ കമ്മിഷണർ അമിതേഷ്കുമാർ പറഞ്ഞു.

പണം കൈപ്പറ്റിയ ശേഷം സോന്തു വാട്‌സാപ്പ് വഴി ചൂതാട്ട അക്കൗണ്ട് തുടങ്ങാനുള്ള ലിങ്ക് കൈമാറി. ഈ അക്കൗണ്ടിൽ എട്ടുലക്ഷം നിക്ഷേപിച്ചതായി കണ്ടതോടെയാണ് ഇയാൾ ചൂതാട്ടം തുടങ്ങിയത്. ആദ്യത്തെ വിജയത്തിന് ശേഷം കാര്യമായ നേട്ടമൊന്നും ഇയാൾക്ക് നേടാനായില്ല. അഞ്ചുകോടി നേടുന്നതിനിടെ 58 കോടിയുടെ നഷ്ടം വ്യവസായിക്കുണ്ടായി. സംശയം തോന്നിയതോടെ ഇയാൾ പണം തിരികെ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെയാണ് വ്യവസായി പൊലീസിൽ പരാതി നൽകിയത്. വാതുവയ്പുകാരന്റെ വസതിയിൽ പണം എണ്ണിതിട്ടപ്പെടുത്തുന്നത് തുടരുകയാണെന്നു പൊലീസ് പറഞ്ഞു.

Top