ഹജ്ജ് കര്‍മത്തിനെത്തിയ വിദേശിയരില്‍ 58 പേര്‍ക്ക് മലേറിയ ബാധ കണ്ടെത്തി

hajj

ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തിയ വിദേശികളില്‍ 58 പേര്‍ക്ക് മലേറിയ ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം.

മലേറിയ ബാധ കണ്ടെത്തിയവരെ കൂടുതല്‍ പരിശോധനയ്ക്കായി മക്ക, മദീന എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവരില്‍ 56 പേരെ ചികിത്സിച്ച് ഭേദമാക്കിയതായും രണ്ടുപേര്‍ക്ക് ചികിത്സ തുടരുന്നതായും മന്ത്രാലയം അറിയിച്ചു. രോഗബാധിതരായവരെ ചികിത്സിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും സൗദി അറേബ്യ ഒരുക്കിയിട്ടുണ്ട്.

സൗദിയില്‍ രോഗം പടരാതിരിക്കാന്‍ ആരോഗ്യമന്ത്രാലയം എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഹജ്ജ് തിര്‍ഥാടനത്തിനെത്തിയ 88,858 തീര്‍ഥാടകര്‍ക്ക് മദീനയില്‍ വെച്ച് വാക്‌സിന്‍ തുള്ളിമരുന്ന് നല്‍കിയിട്ടുണ്ട്.

ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നതിനു മുമ്പ് പ്രതിരോധ കുത്തിവെപ്പ് എടുത്തിരിക്കണമെന്ന് മദീന ആരോഗ്യ മന്ത്രാലയം എല്ലാ വിദേശ തീര്‍ഥാടകരോടും പറഞ്ഞു.

സൗദിയിലെ വിവിധയിടങ്ങളിലുള്ള ആരോഗ്യ സംരക്ഷണ മേഖലകളില്‍ ജലദോഷം,പനി തുടങ്ങിയവയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്.

മദീനയില്‍ മാത്രമായി ആറായിരം ആരോഗ്യ സേവകരെയാണ് ഹജ്ജിനെത്തിയവരുടെ ആരോഗ്യ സംരക്ഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. കൂടാതെ 300 സ്‌പെഷൃലിസ്റ്റ്, 28 സന്ദര്‍ശക സ്റ്റാഫ്, 70 ആരോഗ്യ ടീം എന്നിവരെയും മദീനയില്‍ നിയമിച്ചിട്ടുണ്ട്.

Top