Don’t Regret Calling PM A ‘Psychopath’, Arvind Kejriwal Tells NDTV: Highlights

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശം ഭാഷയില്‍ പരാമര്‍ശിച്ചതില്‍ താന്‍ ഖേദിക്കുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മോദിയെ ഭീരുവെന്നും മനോരോഗിയെന്നും വിളിച്ചത് തനിക്ക് ഒരിക്കലും തെറ്റായി തോന്നിയിട്ടില്ലെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെജ്‌രിവാള്‍ വ്യക്തമാക്കി.

മോശം ഭാഷ ഉപയോഗിച്ചിട്ടുണ്ടെന്നും പക്ഷെ അത് തന്റെ ഹൃദയത്തില്‍ നിന്ന് വരുന്നതാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. പ്രധാനമന്ത്രി മനോഹരമായ ഭാഷ ഉപയോഗിയ്ക്കുകയും അതേ സമയം മോശം കാര്യങ്ങള്‍ ചെയ്യുകയുമാണ്. തനിയ്ക്ക് സിബിഐയെ ഭയമില്ലെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ താന്‍ തയ്യാറാണെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

വേണമെങ്കില്‍ ഒരു നൂറ് സിബിഐ ഉദ്യോഗസ്ഥര്‍ ഡല്‍ഹി സെക്രട്ടറിയേറ്റിലെ തന്റെ ഓഫീസില്‍ വന്ന് റെയ്ഡ് നടത്താനും എല്ലാ ഫയലുകളും പരിശോധിയ്ക്കാനും കേജ്‌രിവാള്‍ വെല്ലുവിളിച്ചു. അരുണ്‍ ജയ്റ്റ്‌ലിയ്ക്ക് താല്‍പര്യമുള്ള ഡിഡിസിഎ അഴിമതി സംബന്ധിച്ച ഫയലുകളാണ് സിബിഐ അന്വേഷിച്ചതെന്നും കേജ്‌രിവാള്‍ ആവര്‍ത്തിച്ചു.

13 വര്‍ഷം പ്രസിഡന്റായിരുന്ന ജയ്റ്റ്‌ലി അഴിമതി സംബന്ധിച്ച് യാതൊരു നടപടിയുമെടുത്തില്ല. എന്നാല്‍ ഇപ്പോള്‍ അഴിമതി ആരോപണം ഉയരുമ്പോള്‍ മാനനഷ്ട കേസുമായി വരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ ജയ്റ്റ്‌ലിയുടെ പേരില്ലല്ലോ എന്ന ചോദ്യത്തിനോടും കെജ്‌രിവാള്‍ പ്രതികരിച്ചു. അഴിമതിയുണ്ട് എന്നാല്‍ ആര്‍ക്കും പങ്കില്ല എന്ന് പറയുന്നത് ജെസീക്ക ലാലിനെ ആരും കൊന്നിട്ടില്ല എന്ന് പറയുന്ന പോലെയാണെന്നും കേജ്‌രിവാള്‍ പറഞ്ഞു.

മകനെ ഡല്‍ഹി ക്രിക്കറ്റ് ടീമിലേയ്ക്ക് തിരഞ്ഞെടുക്കണമെങ്കില്‍ ഭാര്യ രാത്രി കൂടെ വരണമെന്ന് ഒരു ഡിഡിസിഎ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായുള്ള ഒരു മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ പരാതിയും കേജ്‌രിവാള്‍ വെളിപ്പെടുത്തി. മാദ്ധ്യമപ്രവര്‍ത്തകന്‍ തെളിവെടുപ്പിന് ഹാജരാകാന്‍ തയ്യാറായിരുന്നുവെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.

Top