യുപിയിലെ അഭയകേന്ദ്രത്തില്‍ 57 പെണ്‍കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കാന്‍പുര്‍: യുപിയിലെ കാന്‍പുരിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ താമസിക്കുന്ന 57 പെണ്‍കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ഉള്‍പ്പെടെ അഞ്ചു പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാണ്.

പ്രായപൂര്‍ത്തിയാകാത്ത ഗര്‍ഭിണികളില്‍ ഒരാള്‍ എച്ച്ഐവി പോസിറ്റീവ് ആണ്. 57 പെണ്‍കുട്ടികളെയും കോവിഡ് ആശുപത്രിയിലേക്കു മാറ്റി. ജീവനക്കാരെയും രോഗബാധിതരല്ലാത്ത പെണ്‍കുട്ടികളെയും ക്വാറന്റീനിലാക്കുകയും ചെയ്തു.

അഭയകേന്ദ്രത്തിലെ ഒരാള്‍ക്ക് ഒരാഴ്ച മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. ജൂണ്‍ 18ന് നടത്തിയ പരിശോധനയില്‍ 33 പെണ്‍കുട്ടികള്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തുകയും അടുത്ത രണ്ടു ദിവസങ്ങളില്‍ 28 പെണ്‍കുട്ടികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.

രണ്ടു പെണ്‍കുട്ടികളുമായി കാന്‍പുര്‍ ആശുപത്രി സന്ദര്‍ശിച്ച അഭയകേന്ദ്രത്തിലെ ജീവനക്കാര്‍ കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാകാം പെണ്‍കുട്ടികള്‍ക്ക് രോഗം ബാധിച്ചെതെന്ന് യുപി സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം പൂനം കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കനൗജ്, ആഗ്ര, എറ്റാ, ഫിറോസാബാദ്, കാന്‍പുര്‍ എന്നിവിടങ്ങളിലെ ശിശുക്ഷേമ സമിതികളില്‍ നിന്നെത്തിയതാണ്
അഞ്ചു പെണ്‍കുട്ടികളെന്നും അഭയകേന്ദ്രത്തിലേക്ക് വരുന്നതിനുമുന്‍പ് ഗര്‍ഭിണിയായിരുന്നുവെന്നും കാന്‍പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. ബ്രഹ്മദേവ് തിവാരി പറഞ്ഞു. രണ്ടു പെണ്‍കുട്ടികള്‍ക്ക് കോവിഡ് പരിശോധനയ്ക്കിടെയാണ് ഗര്‍ഭം സ്ഥിരീകരിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു.

സംഭവത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അന്വേഷണം നടത്തുമെന്ന് കാന്‍പുര്‍ കമ്മിഷണര്‍ സുധീര്‍ മഹാദേവ് പറഞ്ഞു. നിലവില്‍ കാന്‍പുരില്‍ 400 സജീവ കോവിഡ് കേസുകളുണ്ട്. ഉത്തര്‍പ്രദേശില്‍ ഇതുവരെ 17,731 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 550 പേര്‍ രോഗം ബാധിച്ച് മരിച്ചു.

Top