ഡല്‍ഹി :രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് 57 കുടിശ്ശികക്കാരില്‍ നിന്നും ലഭിക്കാനുള്ളത് 85,000 കോടി രൂപ. പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് റിസര്‍വ് ബാങ്ക് കിട്ടാക്കടക്കാരുടെ ലിസ്റ്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.
500 കോടിയും അതിന് മുകളിലും വായ്പാകുടിശ്ശിക വരുത്തിയവരുടെ ലിസ്റ്റാണ് മുദ്രവെച്ച കവറില്‍ റിസര്‍വ് ബാങ്ക് സമര്‍പ്പിച്ചത്.ചീഫ് ജസ്റ്റിസ് ടി എസ് ടാക്കൂര്‍, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വരറാവു എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ലിസ്റ്റ് പരിശോധിച്ച കോടതി വായ്പാകുടിശ്ശിക വരുത്തിയവരുടെ പേര് പുറത്തുവിടാത്തതിന് റിസര്‍വ് ബാങ്കിനെ രൂക്ഷമായി വിമര്‍ശിച്ചു.
500 കോടിക്ക് മുകളിലുള്ള കുടിശ്ശികക്കാരുടെ തുകയാണ് ഇതെങ്കില്‍ 100 കോടിക്ക് മുകളിലുള്ളവരുടെ ലിസ്റ്റ് ചോദിച്ചിരുന്നെങ്കില്‍, കിട്ടാക്കടം ഒരുലക്ഷം കോടിയ്ക്ക് മുകളിലായിരിക്കുമല്ലോ എന്ന് കോടതി ചോദിച്ചു.
പണം വാങ്ങിയിട്ട് തിരിച്ചടക്കാത്തവരുടെ പേരുകള്‍ പൊതുജനങ്ങളെ അറിയിക്കാത്തതെന്താണ്? ഇതറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
പണം തിരിച്ചടയ്ക്കാത്ത എല്ലാവരെയും ബോധപൂര്‍വം പണം തിരിച്ചടയ്ക്കാത്ത ‘വില്‍ഫുള്‍ ഡിഫോള്‍ട്ടറാ’യി കണക്കാക്കാനാകില്ലെന്ന് റിസര്‍വ് ബാങ്കിന്റെ അഭിഭാഷകന്‍ പറഞ്ഞു. വായ്പാ കുടിശ്ശികക്കാരുടെ പേര് വെളിപ്പെടുത്തുന്നത് ബാങ്കിംഗ് നിയമങ്ങളുടെ ലംഘനമാണെന്നും ആര്‍ബിഐ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു.
റിസര്‍വ് ബാങ്കിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ആളുകള്‍ കോടിക്കണക്കിന് രൂപ വായ്പയെടുത്തിട്ട് തിരിച്ചടയ്ക്കാതെ മുങ്ങുകയാണ്. ഇത്തരക്കാരുടെ പേരുകള്‍ രഹസ്യമാക്കി വെയ്ക്കുന്നതെന്തിനാണ്. പേര് വെളിപ്പെടുത്തുന്നത് റിസര്‍വ് ബാങ്കിനെ എങ്ങനെ ബാധിക്കും. വായ്പ തിരിച്ചടയ്ക്കാത്തവരുടെ വിശ്വാസ്യതയെക്കുറിച്ച് ഓര്‍ത്ത് റിസര്‍വ് ബാങ്ക് എന്തിന് ആശങ്കപ്പെടണമെന്നും കോടതി ചോദിച്ചു.
1983 ലെ നിയമപ്രകാരം ബാങ്കിംഗ് ഇടപാടുകള്‍ പരസ്യമാക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറും വ്യക്തമാക്കി. ബാങ്കുകളുടെ താല്‍പ്പര്യത്തിനനുസരിച്ചാണ് കേന്ദ്രബാങ്കിന്റെ പ്രവര്‍ത്തനമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
കേന്ദ്രനിലപാടും കോടതി തള്ളി. ബാങ്കുകളുടെ താല്‍പ്പര്യമല്ല, രാജ്യതാല്‍പ്പര്യമാണ് റിസര്‍വ് ബാങ്ക് പരിഗണിക്കേണ്ടതെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
കോടിക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയവര്‍ നിര്‍ഭയം വിഹരിക്കുമ്പോള്‍, ഇരുപതിനായിരമോ മുപ്പതിനായിരമോ വായ്പയെടുത്ത പാവപ്പെട്ട കര്‍ഷകര്‍ക്ക് നേരെ ബാങ്കുകള്‍ ജപ്തി പോലുള്ള കടുത്ത നടപടിയുമായി പോകുകയാണെന്നും കോടതി വിമര്‍ശിച്ചു.
വായ്പാകുടിശ്ശികക്കാരുടെ പേരുകള്‍ വെളിപ്പെടുത്തുന്നത് സംബന്ധിച്ച് വെള്ളിയാഴ്ചയ്ക്കകം നിലപാട് അറിയിക്കാനും റിസര്‍വ് ബാങ്കിന് കോടതി നിര്‍ദേശം നല്‍കി.


