57 നില കെട്ടിടം നിര്‍മിച്ചത് 19 ദിവസംകൊണ്ട്

ബെയ്ജിംഗ്: വെറും 19 ദിവസംകൊണ്ട് 57നില മന്ദിരം നിര്‍മിച്ച് ചൈനീസ് കണ്‍സ്ട്രക്ഷന്‍ കമ്പനി ചരിത്രം കുറിച്ചു. സമചതുരാകൃതിയില്‍ ഗ്ലാസും സ്റ്റീലും ഉപയോഗിച്ചു നിര്‍മിച്ച മിനി സ്‌കൈസിറ്റിയില്‍ 800 അപ്പാര്‍ട്ടുമെന്റുകളുണ്ട്. 4000 പേര്‍ക്കുള്ള സൗകര്യവും.

ഹുനാന്‍ പ്രവിശ്യാ തലസ്ഥാനമായ ഛാംഗ്ഷായില്‍ നിര്‍മിച്ച കെട്ടിടം ഈ മാസത്തില്‍ വില്പനയ്ക്കു വയ്ക്കാനാണു പരിപാടി.

മോഡുലാര്‍ രീതിയാണു കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ചതെന്ന് ദ ബ്രോഡ് സസ്റ്റെയ്‌നബിള്‍ ബില്‍ഡിംഗ് കമ്പനി അറിയിച്ചു. കെട്ടിടത്തിന് ആവശ്യമായ മൊഡ്യൂളുകള്‍ നിര്‍മാണത്തിനു മുമ്പേ തയാറാക്കി. പിന്നീട് ഇവ കൂട്ടിയോജിപ്പിക്കുകയായിരുന്നു. പ്രതിദിനം മൂന്നു നിലകളുടെ വീതം നിര്‍മാണം ഇപ്രകാരം പൂര്‍ത്തിയാക്കിയെന്നു കമ്പനി പ്രസിഡന്റ് സിയാവോ അറിയിച്ചു. ഭൂകമ്പത്തെ ചെറുക്കാന്‍ ശേഷിയുള്ള വിധത്തിലാണ് നിര്‍മാണം.
220 നിലകളുള്ള ലോകത്തെ ഏറ്റവും വലിയ അംബരചുംബി മൂന്നു മാസംകൊണ്ടു നിര്‍മിക്കുകയാണ് കമ്പനിയുടെ അടുത്ത പരിപാടി. സ്‌കൈസിറ്റി എന്ന പേരിടുന്ന അംബരചുംബിക്ക് ഛാംഗ്ഷാ മുനിസിപ്പല്‍ അധികൃതരുടെ അനുമതി പ്രതീക്ഷിച്ചിരിക്കുകയാണ് കമ്പനി.

Top