ഓൺലൈൻ വായ്പത്തട്ടിപ്പ്; 137 ആപ്പുകൾ കൂടി നീക്കം ചെയ്തു; മൂന്നു മാസത്തിനിടെ 562 ആപ്പുകൾ നീക്കി

ന്യൂഡൽഹി : ഗൂഗിൾ പ്ലേസ്റ്റോറിലുണ്ടായിരുന്ന 137 തട്ടിപ്പ് വായ്പാ ആപ്പുകൾ കൂടി നീക്കം ചെയ്തു. ആദ്യമായാണ് ഇത്രയേറെ വായ്പാ ആപ്പുകൾ ഒറ്റയടിക്കു നീക്കം ചെയ്യുന്നത്. എങ്കിലും ഇനിയും എൺപതിലേറെ ആപ്പുകൾ പ്ലേസ്റ്റോറിലുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി കടുപ്പിച്ചതോടെയാണ് ഗൂഗിൾ പല ആപ്പുകളും നീക്കം ചെയ്തുതുടങ്ങിയത്. ഇതോടെ ഗൂഗിൾ പ്ലേസ്റ്റോറിൽ ഫിനാൻസ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡുള്ള 200 ആപ്പുകളിൽ തട്ടിപ്പ് ആപ്പുകളില്ലാതായി. നീക്കം ചെയ്ത പല ആപ്പുകൾക്കും 50,000 മുതൽ ഒരു ലക്ഷം വരെ ഡൗൺലോഡുകളുണ്ടായിരുന്നു.

ജൂലൈ മുതൽ നീക്കം ചെയ്യപ്പെട്ട ആകെ വായ്പാ ആപ്പുകളുടെ എണ്ണം 562 ആയി. ഇതിൽ 451 എണ്ണം ഗൂഗിൾ പ്ലേസ്റ്റോറിലും 111 എണ്ണം ആപ്പിൾ ആപ് സ്റ്റോറിലുമായിരുന്നു. കഴിഞ്ഞയാഴ്ച മാത്രം 75 ആപ്പുകൾ ഗൂഗിൾ നീക്കിയിരുന്നു. 2022 മുതൽ പ്ലേസ്റ്റോറിലുണ്ടായിരുന്ന ആപ്പുകൾ വരെ ഇത്തവണ നീക്കം ചെയ്തിട്ടുണ്ട്.

ആപ്പുകൾ വഴിയുള്ള വായ്പത്തട്ടിപ്പ് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഫോണിലും ഓൺലൈനിലും പരാതി നൽകാം…

കേന്ദ്ര ഹെൽപ്‌ലൈൻ: 1930, cybercrime.gov.in

കേരള പൊലീസ് വാട്സാപ് നമ്പർ: 9497980900

Top