150 രൂപയുടെ മാഹി മദ്യം, മറിച്ച് വിറ്റാൽ 600; കോഴിക്കോട്ട് പിടിച്ചത് 56 കുപ്പി മാഹിമദ്യം; അറസ്റ്റ്

കോഴിക്കോട്: നഗരത്തിൽ വൻ മദ്യവേട്ട. 56 കുപ്പി മാഹി മദ്യവുമായി ഒഡീഷ സ്വദേശിയെ പൊലീസ് പിടികൂടി. 150 രൂപയ്ക്ക് വാങ്ങുന്ന ഒരു കുപ്പി മാഹി മദ്യം മറിച്ചുവിറ്റാൽ 600 രൂപയിലധികം ലാഭം കിട്ടും. 56 കുപ്പി മദ്യമാണ് ഒഡീഷ സ്വദേശി രവീന്ദ്രയുടെ കയ്യിൽ നിന്ന് പൊലീസ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികൾ വ്യാപകമായി മാഹി മദ്യം വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നഗരമധ്യത്തിൽ നിന്ന് ഇയാളെ പിടികൂടിയത്.

മദ്യത്തിനൊപ്പം മയക്കുമരുന്നടക്കം മറ്റ് ലഹരി പദാർത്ഥങ്ങൾ വിൽക്കുന്നവരും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കൂടിവരുന്നതായി പൊലീസ് പറയുന്നു. പിടിയിലായ രവീന്ദ്രയിൽ നിന്ന് കോഴിക്കോട് നഗരത്തിലെ, ഇത്തരം സംഘങ്ങളെ കുറിച്ച് നടക്കാവ് പൊലീസിന് വിവരം ലഭിച്ചു. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായി ഉന്നത പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മതിയായ രേഖകളില്ലാതെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കി നൽകുന്നവർക്കെതിരെയും വരും ദിവസങ്ങളിൽ കർശന നടപടിയുണ്ടാകും. ലഹരി കടത്തിൻറെ ഏജൻറുകളായി മാറുന്ന ഇതര സംസ്ഥാന തൊളിലാളികളുടെ എണ്ണം കൂടിവരികയാണെന്ന് പൊലീസ് പറഞ്ഞു. സ്വന്തം നാട്ടിൽ കുറ്റം കൃത്യം നടത്തി മുങ്ങുന്നവരാണ് കേരളത്തിൽ വന്ന ലഹരി കടത്തിൽ ഏർപ്പെടുന്നവരിൽ പലരുമെന്നും പൊലീസ് വിശദീകരിച്ചു.

Top