പ്രതിരോധ നിര്‍മ്മാണ കരാര്‍ ലൈസന്‍സുകള്‍ മോഡിയുടെ ‘സ്വന്തം’ കോര്‍പ്പറേറ്റുകള്‍ക്ക്…

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനിടെ ‘മേയ്ക്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ തഴഞ്ഞ് സ്വകാര്യ കമ്പനികള്‍ക്ക് 56 പ്രതിരോധ നിര്‍മാണ കരാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഏറെ അടുപ്പമുള്ള കോര്‍പ്പറേറ്റുകളായ മഹീന്ദ്ര, ടാറ്റ, പിപാവാവ് തുടങ്ങിയ കമ്പനികള്‍ക്കാണ് പ്രതിരോധ സാമഗ്രികള്‍ നിര്‍മിക്കാന്‍ ലൈസന്‍സ് നല്‍കിയത്.

പ്രതിരോധ മേഖലയിലെ കരാറുകള്‍ സ്വകാര്യമേഖലക്ക് നല്‍കുന്നതിലെ റെക്കോഡാണിത്. യുപിഎ സര്‍ക്കാര്‍ മൂന്നു വര്‍ഷങ്ങളില്‍ 47ലധികം ലൈസന്‍സാണ് അനുവദിച്ചത്. ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്ക്.

കരസേനയിലേക്കുള്ള ടി.90, ടി.72 ടാങ്കുകള്‍ നവീകരിക്കാനുള്ള കരാര്‍ ടാറ്റക്കാണ്. നാവികസേനയുടെ ടോര്‍പിഡോ മിസൈല്‍, കടല്‍ മൈനുകള്‍, ബോട്ടുകള്‍ എന്നിവയുള്‍പ്പെടെ നിര്‍മാണ ലൈസന്‍സുകളാണ് മഹീന്ദ്ര നേടിയത്.

മഹീന്ദ്രയുടെ ഉപകമ്പനികളായ മഹീന്ദ്ര ടെലിഫോണിക്‌സ് ഇന്റഗ്രേറ്റഡ് സിസ്റ്റംസ്, ടെക് മഹീന്ദ്ര എന്നിവക്കും പ്രതിരോധ ലൈസന്‍സ് അനുവദിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡിക്ക് മഹീന്ദ്ര പ്രത്യേക സ്‌കോര്‍പ്പിയോയാണ് നിര്‍മ്മിച്ചു നല്‍കിയിരുന്നത്.

അനില്‍ അംബാനിയുടെ റിലയന്‍സ് ഏറ്റെടുത്ത പിപാവാവ് ഡിഫന്‍സ് ആന്‍ഡ് ഓഫ്‌ഷോര്‍ എന്‍ജിനീയറിങ് കമ്പനിക്ക് ടാങ്കും മിസൈലും സെന്‍സറുകളും ടോര്‍പിഡോകളും നിര്‍മിക്കുന്നതിനുള്ള നാലു ലൈസന്‍സ് അനുവദിച്ചു.

പ്രതിരോധ രഹസ്യങ്ങള്‍ ചോരാതിരിക്കുന്നതിന് നിര്‍മ്മാണ കരാറുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു നല്‍കണമെന്നായിരുന്നു നേരത്തെ ബിജെപി ആവശ്യപ്പെട്ടിരുന്നത്. ഈ നിലപാടാണ് ഭരണത്തിലെത്തിയപ്പോള്‍ സ്വന്തക്കാരായ കോര്‍പ്പറേറ്റുകള്‍ക്കായി മാറ്റി മറിച്ചത്.

Top